ആരോപണം പിൻവലിക്കാൻ ജോസ് മോൻ പത്തുകോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം സത്യമാകാൻ ഇടയില്ല ; മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല : പരിഹാസവുമായി അഡ്വ.എ ജയശങ്കർ

സ്വന്തം ലേഖകൻ

കോട്ടയം : കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ ഒന്നായിരുന്നു ബാർ കോഴ ആരോപണം. ഇപ്പോഴിതാ വർശങ്ങൾക്ക് ശേഷം വീണ്ടും പുതിയ ആരോപണം ഉയർന്നു വന്നിരിക്കുകയാണ്.

ആരോപണം ഉയർത്തിയ തന്നെ അതിൽ നിന്നും പിൻമാറാനായി പത്ത് ലക്ഷത്തോളം രൂപ മുൻ ധനമന്ത്രി കെ എം മാണിയുടെ മകൻ ജോസ് കെ മാണി വാഗ്ദാനം ചെയ്തു എന്നാണ് ബിജു രമേശിന്റെ പുതിയ ആരോപണം. ബിജു രമേശിന്റെ പുതിയ ആരോപണത്തെ താൻ വിശ്വസിക്കില്ല എന്ന് അടിവരയിട്ടു പറയുകയാണ് അഡ്വ.എ ജയശങ്കർ. അതിന്റെ കാരണമായി മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ലെന്ന് പരിഹസിക്കുന്നു.

അഡ്വ. എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മാന്യന്മാരെ അപമാനിക്കരുത്.
ബിജു രമേശ് വലിയ കാശുകാരനാണ്, പ്രമാണിയാണ്, അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ള ആളുമാണ്. എന്നു കരുതി നട്ടാൽ കുരുക്കാത്ത നുണ പറയരുത്.
കെഎം മാണി സാർ ബാറുകാരിൽ നിന്ന് ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു പറഞ്ഞപ്പോൾ ജനം വിശ്വസിച്ചു. കാരണം പുള്ളി അത്യാവശ്യം ടൂ,ത്രീ വാങ്ങുന്ന സ്വഭാവക്കാരനാണെന്നു പരക്കെ അറിയാമായിരുന്നു.

ആരോപണം പിൻവലിക്കാൻ ജോസ് മോൻ പത്തു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ് പറയുന്നു. അത് ഒരിക്കലും, ഒരു കാരണവശാലും സത്യമാകാനിടയില്ല. കാരണം, മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല.