play-sharp-fill
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം; ഹൈക്കോടതിയിൽ പുതിയ ഹർജിയുമായി ദീലീപ്

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം; ഹൈക്കോടതിയിൽ പുതിയ ഹർജിയുമായി ദീലീപ്

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണ‍മെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.


നടിയെ ആക്രമിച്ച കേസ് വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് പുതിയ ഹർജിയിൽ ആരോപിക്കുന്നത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ് വാദിക്കുന്നു. തുടരന്വേഷണം വലിച്ചു നീട്ടാൻ അന്വേഷണസംഘം ശ്രമിക്കുമെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വധഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദിലീപ് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

അതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തർക്കം മൂത്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

ആലുവ കോടതിയിൽവെച്ച് ഫോൺ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതികൾ കൈമാറിയ ഫോണിന്റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിക്കുകയായിരുന്നു. തർക്കം തുടർന്നതോടെയാണ് തീരുമാനമെടുക്കുന്നത് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റിയത്.

ഫോണിന്റെ പാറ്റേൺ തെറ്റാണെങ്കിൽ കേസ് നടപടികൾ വീണ്ടും വൈകും. ഇത് മുന്നിൽക്കണ്ടാണ് പ്രതികളുടെ നീക്കമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. തർക്കം തുടർന്നതോടെ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിക്കുന്നത് മജിസ്ട്രേറ്റ് കോടതി മാറ്റുകയായിരുന്നു. തർക്കം ഉയർന്ന സാഹചര്യത്തിൽ പ്രതികളുടെ സാന്നിധ്യത്തിൽ ഫോൺ തുറക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.