
നടിയെ ആക്രിച്ച കേസില്‍ വിചാരണ കോടതി ശിക്ഷിച്ച അഞ്ചും ആറും പ്രതികൾ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. അപേക്ഷ പരിഗണിച്ച് തീർപ്പുണ്ടാക്കുന്നതിന് കാല താമസമുണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്നാണ് പ്രതികളുടെ ആവശ്യം.
ഒന്നാം പ്രതി പള്‍സർ സുനി ബലാല്‍സംഗം ചെയ്തതിന് തങ്ങളുടെ സഹായം ഉണ്ടായിട്ടില്ലെന്നാണ് പ്രതികളുടെ വാദം. ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടില്ലെന്നും അപ്പീല്‍ അപേക്ഷയില്‍ പറയുന്നു. പ്രോസിക്യുഷൻറെ കൈവശം പ്രാഥമിക തെളിവുകള്‍ പോലുമില്ലെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.
കേസിലെ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. എന്നാൽ കേസിലെ ഏഴു മുതല്‍ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. ക്രിസ്മസ് അവധിക്കുശേഷമായിരിക്കും കേസില്‍ സർക്കാർ അപ്പീല്‍ നല്‍കുക. അതിനുള്ളില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂർത്തിയാക്കും.







