ചവിട്ടിത്തെറിപ്പിക്കില്ല, ഈ കൈകള്‍ ചേര്‍ത്ത് പിടിക്കും..! തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് യുവാവ് ചവിട്ടിപരിക്കേല്‍പ്പിച്ച പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ടോണി വര്‍ക്കിച്ചന്‍ ; കുഞ്ഞിന് പുതുവസ്ത്രങ്ങളും സാമ്പത്തിക സഹായവും അച്ചായന്‍സ് ഗോള്‍ഡ് കൈമാറി
സ്വന്തം ലേഖകന്‍
കോട്ടയം: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് യുവാവ് ചവിട്ടിപരിക്കേല്‍പ്പിച്ച ആറ് വയസുകാരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍. രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷിനാണ് കാറില്‍ ചാരി നിന്നതിന് ചവിട്ടേല്‍ക്കേണ്ടി വന്നത്. ശക്തിയേറിയ ചവിട്ടേറ്റ് തെറിച്ചുപോയ കുഞ്ഞ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ ചവിട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കേരള മനസാക്ഷിയൊന്നടങ്കം ഞെട്ടിയിരുന്നു. കുട്ടിയെ തൊഴിച്ച മുഹമ്മദ് ഷിഹാദിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ജനരോക്ഷം അലയടിച്ചു.
കുഞ്ഞിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ മനസ്സിലാക്കിയ കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചനും ജനറൽ മാനേജർ ഷിനിൽ കുര്യനും കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അറിഞ്ഞതോടെ നേരിട്ട് സന്ദര്‍ശിക്കാനായി തലശ്ശേരിയിലേക്ക് പുറപ്പെടുകയായിരുന്നു. കുഞ്ഞിനും കുടുംബത്തിനും സൗജന്യ നിയമസഹായവും ചികിത്സാ സഹായവും വനിതാ-ശിശുക്ഷേമ വകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ടെങ്കിലും നാടോടി കുടുംബത്തിന്റെ ദൈന്യത മനസ്സിലാക്കിയ അച്ചായന്‍സ് ഗോള്‍ഡ് എംഡി ടോണി വര്‍ക്കിച്ചന്‍, കുഞ്ഞിന് പുതുവസ്ത്രങ്ങളും സാമ്പത്തിക സഹായവും കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
”കാറില്‍ ചാരി നിന്നതിന് ഒരു കുഞ്ഞിനെ ചവിട്ടിത്തെറിപ്പിക്കുക എന്നൊക്കെ പറഞ്ഞാല്‍, ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. കുഞ്ഞിനോട് സംസാരിച്ചപ്പോഴാണ് സങ്കടം ഇരട്ടിയായത്. എന്തിനാണ് ചവിട്ടേറ്റതെന്ന് പോലും അവന് മനസ്സിലായിട്ടില്ല. കഷ്ടമാണ് കുഞ്ഞുങ്ങളോടുള്ള ഇത്തരം മനോഭാവവും അക്രമവും. കുഞ്ഞിന്റെ അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ വലിയ പരിഭ്രാന്തിയിലാണ്. കുഞ്ഞിനൊപ്പം അവര്‍ക്കും കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ആവശ്യമാണെന്ന് തോന്നുന്നു. വല്ലാത്ത ആഘാതത്തിലൂടെയാണ് കുടുംബം കടന്നു പോകുന്നത്. കുഞ്ഞ് ആശുപത്രി വിട്ടശേഷം അവനെ എന്റെ കാർണിവൽ കാറിലിരുത്തി ഒരു ഔട്ടിംഗ് കൊണ്ടുപോകണമെന്നാണ് വിചാരിക്കുന്നത് ” അച്ചായന്‍സ് ഗോള്‍ഡ് എംഡി ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു.
അതേസമയം, കുട്ടിയെ മറ്റൊരാള്‍ കൂടി മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇയാളും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ തൊഴിച്ച മുഹമ്മദ് ഷിഹാദിനെ കോടതി ഇന്നലെ പതിന്നാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.വ്യാഴാഴ്ച വൈകീട്ടാണ് ദാരുണ സംഭവമുണ്ടായത്. തന്റെ കാറില്‍ ചവിട്ടിയെന്നാരോപിച്ചാണ് മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ യുവാവ്, രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചത്. ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തില്‍ കേസെടുക്കാതെ പൊലീസ് പ്രതിയെ വിട്ടയക്കുകയായിരുന്നു.
കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പ്രതിയുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കിയേക്കും. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കാന്‍ മുഹമ്മദ് ഷിഹാദിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.