മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു :മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചു”: വയലാർ കുറിച്ചിട്ട കറുത്ത യാഥാർത്ഥ്യങ്ങൾ ഇന്നും ഒരു ചോദ്യചിഹ്നമായി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
കോട്ടയം: മലയാള നാടകവേദിയെ അക്ഷരാർത്ഥത്തിൽ
പ്രകമ്പനം കൊള്ളിച്ച എഴുത്തുകാരനാണ്
കെ ടി മുഹമ്മദ്.
സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഒരു ഇടിമുഴക്കം പോലെ
കെ ടി മുഹമ്മദിന്റെ മൂർച്ചയേറിയ തൂലിക ചലിച്ചപ്പോൾ ആ സാഹിത്യ കൃതികൾ ചരിത്രത്തിന്റെ ഇടനാഴിയിലേക്ക് നടന്നുകയറുകയായിരുന്നു .
മതവും ജാതിയും ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന കേരള സമൂഹത്തിൽ നവോത്ഥാനത്തിന്റെ തിരികൊളുത്താൻ കെ ടി യുടെ നാടകങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നുള്ളതിൽ സംശയമൊന്നുമില്ല .
സൃഷ്ടി ,സ്ഥിതി , സംഹാരം, സമന്വയം , എന്നീ നാടകങ്ങളിലൂടെ മലയാള നാടക രംഗത്ത് പല പുതിയ പരീക്ഷണങ്ങൾക്കും ചുക്കാൻ പിടിക്കാൻ
കെ ടി മുഹമ്മദിന്റെ തൂലികയ്ക്ക് കഴിഞ്ഞു എന്നുള്ളത്
ചെറിയ കാര്യമല്ല .
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടൽപ്പാലം ,അച്ഛനും ബാപ്പയും തുടങ്ങിയ നാടകങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരങ്ങൾ സാംസ്കാരികരംഗത്ത് വൻ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞത് ഈ നാടകങ്ങളുടെ ആശയഗാംഭീര്യം കൊണ്ടായിരുന്നു .
എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി സി ബേബി നിർമ്മിച്ച
” അച്ഛനും ബാപ്പയും ” എന്ന ചലച്ചിത്രം അര നൂറ്റാണ്ട് മുൻപാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നത്.
കൊട്ടാരക്കര ,
കെ പി ഉമ്മർ ,ജയഭാരതി , വിൻസെന്റ്, ബഹദൂർ , അടൂർഭാസി ,തുടങ്ങിയ നടീനടന്മാർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടു .
കെ. എസ് .സേതുമാധവൻ അഭ്രപാളികളിൽ സാക്ഷാൽക്കാരം നൽകിയ “അച്ഛനും ബാപ്പയും ”
മതമല്ല മനുഷ്യനാണ് വലുതെന്ന കാതലായ ഒരു സന്ദേശമാണ് കേരളസമൂഹത്തിന് നൽകിയത്.
മലബാറിന്റെ നാടക ചരിത്രത്തിൽ തന്റെ ഉജ്ജ്വലമായ സാഹിത്യസൃഷ്ടികൾ കൊണ്ട് പുരോഗമനാശയങ്ങൾക്കും സാമൂഹിക മാറ്റങ്ങൾക്കും ശംഖൊലി മുഴക്കിയ കെ ടി മുഹമ്മദിന്റെ പ്രൗഢമായ ഈ രചന മികച്ച ദേശീയോദ്‌ഗ്രഥന ചിത്രമെന്ന നിലയിൽ നർഗ്ഗീസ് ദത്ത് അവാർഡ് കരസ്ഥമാക്കുകയുണ്ടായി.
സിനിമയിലെ ഗാനങ്ങൾ എഴുതിയ വയലാർ രാമവർമ്മ ആദ്യമായി മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം നേടിയെടുത്തപ്പോൾ അത് മലയാളഭാഷയുടെ സൗഭാഗ്യവും ആദ്യ ബഹുമതിയുമായി മാറി .
തീർന്നില്ല , യേശുദാസിന് മികച്ച ഗായകനുള്ള ആദ്യദേശീയ പുരസ്ക്കാരവും അച്ഛനും ബാപ്പയിലൂടെയാണ് ലഭിക്കുന്നത് .
“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു
മനസ്സു പങ്കു വച്ചു …”
എന്ന പ്രശസ്ത ഗാനത്തിന്റെ കാലികപ്രസക്തി അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഭാരതത്തിലങ്ങോളമിങ്ങോളം ആന്ദോളനം സൃഷ്ടിക്കുകയാണല്ലോ .
അതുകൊണ്ട് തന്നെ വയലാർ കുറിച്ചിട്ട കറുത്ത യാഥാർത്ഥ്യങ്ങൾ ഇന്നും ഒരു ചോദ്യചിഹ്നമായി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
കേരളചരിത്രത്തിൽ വിപ്ലവാത്മകമായ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഈ നാടകം സിനിമയായപ്പോൾ ഗാനങ്ങൾ എഴുതിയത് വയലാറും സംഗീതം പകർന്നത് ദേവരാജനുമായിരുന്നു. സിനിമയിലെ മറ്റു ചില ഗാനങ്ങൾ …
“.കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു കസ്തൂരി മറുകുള്ള വർണ്ണക്കിളി … ”
(പി സുശീല )
“കുളിക്കുമ്പോളൊളിച്ചു ഞാൻ കണ്ടു നിന്റെ കുളിരിന്മേൽ കുളിർകോരുമഴക്…”
(യേശുദാസ് )
“ദൈവമേ കൈതൊഴാം ദൈവമേ …”
(മാധുരി )
“മോഹത്തിന്റെ മുഖം ഞാൻ കണ്ടു മുഷിഞ്ഞിരിക്കുന്നു ..”
(യേശുദാസ് )
“ഒരു മതം ഒരു ജാതി … ”
(പി ബി ശ്രീനിവാസ് – മാധുരി )
” പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോൾ … ”
(മാധുരി ) എന്നിവയെല്ലാമായിരുന്നു.
52 വർഷങ്ങൾ പൂർത്തിയാക്കുന്ന “അച്ഛനും ബാപ്പയും ” എന്ന ചലച്ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നുവെന്ന് സന്തോഷപൂർവ്വം ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തട്ടെ .