
അമിതവേഗതയിൽ പാഞ്ഞെത്തിയ ഇന്നോവ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; അപകടത്തിന് ശേഷം നിർത്താതെ പോയ കാർ ഒന്നര മണിക്കൂറിനുളളിൽ പിടികൂടി പൊലീസ്
സ്വന്തം ലേഖകൻ
കേച്ചേരി: അമിതവേഗതയിൽ പാഞ്ഞ ഇന്നോവ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ ഒന്നര മണിക്കൂറിനുളളിൽ സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷികളുടെയും സഹായത്തോടെ പിടികൂടി. വാഹനം ഓടിച്ചിരുന്ന തലക്കോട്ടുകര സ്വദേശി ഷിനിലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്‌ച്ച പുലർച്ചെ അഞ്ച് മണിയോടെ തലക്കോട്ടുകര നായരങ്ങാടിയിലായിരുന്നു അപകടം. കേച്ചേരിയിൽ നിന്ന് തലക്കോട്ടുകര ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിലാണ് പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. റോഡിൽ തലയിടിച്ച് വീണ ഡ്രൈവർ പെരുമണ്ണ് തെക്കൂട്ടയിൽ ദാസനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേച്ചേരി മാർക്കറ്റിലേക്കുളള യാത്രയിലായിരുന്നു ദാസൻ. കേച്ചേരി സെന്ററിലെ ഓട്ടോ ഡ്രൈവർമാർ നൽകിയ വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വാഹനത്തിന്റെ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനവും ഷിനിലിനെയും കസ്റ്റഡിയിലെടുത്തത്.
മദ്യലഹരിയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് ആക്ഷേപം ഉണ്ട്. അമിത വേഗത്തിലായിരുന്നു വാഹനം പോയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കുന്നംകുളം പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കാറിൽ ഇയാൾക്കൊപ്പം വേറെയും ആളുകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. എന്നാൽ ഇവരുടെ പേരുകൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലെടുത്ത ഷിനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടം നടത്തിയ ശേഷം ദാസന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ചെറുതുരുത്തി ശാന്തി തീരത്ത് സംസ്‌ക്കാരം നടത്തി.