ബൈക്കിന്റെ ഒറ്റയിടി ബി.എം.ഡബ്യൂ കാർ തവിടു പൊടി..! കാർ ഇടിച്ചു തകർത്തത് ട്രിപ്പിൾ അടിച്ചെത്തിയ പ്ലസ്ടു വിദ്യാർത്ഥികൾ; പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞ വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ച് ബിഎം.ഡബ്യു കാർ തവിടു പൊടിയായി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് കാറിനുള്ളിലെ എയർ ബാഗ് തെറിച്ചതിനാൽ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റില്ല. ബൈക്ക് യാത്രക്കാരായ മൂന്ന് വിദ്യാർത്ഥികളും റോഡിൽ തെറിച്ച് വീണ് സാരമായി പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ നാട്ടകം സിമന്റ് കവല ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം വയസ്‌ക്കരക്കുന്നിലെ മോഡൽ സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് കാറിന്റെ മുന്നിലിടിച്ചത്. സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ ചിങ്ങവനം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ചിങ്ങവനം ഭാഗത്ത് നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്നു കാർ. സിമന്റ് കവല ജംഗ്ഷന് സമീപത്ത് വച്ച് ബൈക്ക് കാറിന്റെ മുന്നിലേയ്ക്ക് ഇടിച്ചു കയരുകയായിരുന്നു.
കാറിന്റെ മുന്നിൽ വലത് വശത്തെ ബോണറ്റും, ഹെഡ് ലൈറ്റും അടക്കം ബൈക്ക് ഇടിച്ചു തകർത്തു. മുന്നിലെ വലത് വശത്തെ ടയറും ഇടിയിൽ പഞ്ചറായിട്ടുണ്ട്. കാറിൽ ഇടിച്ചതോടെ വിദ്യാർത്ഥികൾ മൂന്നു പേരും ബൈക്കിൽ നിന്ന് റോഡിലേയ്ക്ക് തെറിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മീറ്ററുകളോളം നിരങ്ങി നീങ്ങി. ഇടിയുടെ ആഘാത്തതിൽ കാർ നിർത്തിയതിനാലാണ് വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കുണ്ടാകാതിരുന്നത്. മൂന്നു പേരും ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീഴുകയായിരുന്നു.
രണ്ട് വിദ്യാർത്ഥികളുടെ കാൽ ഒടിഞ്ഞിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽപ്പെട്ട കാർ ഇപ്പോഴും റോഡിൽ നിന്ന് നീക്കിയിട്ടില്ല. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹർത്താൽ ദിനമായതിനാൽ എം.സി റോഡിൽ കാര്യമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നില്ല. പൊലീസ് കേസെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group