play-sharp-fill
ആയുഷ് സ്റ്റാർട്ടപ്പ് കോൺക്ളേവിൽ നൂതന ആശയങ്ങളുമായി ഡോക്ടർമാർ

ആയുഷ് സ്റ്റാർട്ടപ്പ് കോൺക്ളേവിൽ നൂതന ആശയങ്ങളുമായി ഡോക്ടർമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആയുഷ് ഡോക്ടര്‍മാരുടെ നൂതന ആശയങ്ങള്‍ പങ്കുവെച്ച ആയുഷ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് ശ്രദ്ധേയമായി.രോഗീപരിചരണത്തിനുമപ്പുറം മെഡിക്കല്‍ രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാനും യുവ ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു കോണ്‍ക്ലേവ്. കാലം മാറിയതോടെ എല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന ഇക്കാലത്ത് ആരോഗ്യരംഗവും ഈ മാറ്റത്തിന്റെ പാതയിലാണെന്ന് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് വ്യക്തമാക്കുന്നു. മികച്ച  ആയുഷ് അധിഷ്ഠിത സ്്റ്റാര്‍ട്ടപ്പുകളാണ് കോണ്‍ക്ലേവില്‍ അവതരിപ്പിച്ചത്. ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന ഡോക് അറ്റ് ഡോര്‍ എന്ന ആപ്പും കോണ്‍ക്ലേവില്‍ പരിചയപ്പെടുത്തി. ഡോക്ടര്‍ അനിമേഷിന്റെ ഉടമസ്ഥതയിലുള്ള ഈ ആപ്പ് രാജ്യത്തേക്ക് ചികിത്സ തേടിയെത്തുന്ന വിദേശിയര്‍ക്കും ഏറെ പ്രയോജനകരമാണ്. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദം ഫോര്‍ യു എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭവും കോണ്‍ക്ലേവിന്റെ ശ്രദ്ധാകേന്ദ്രമായി.രോഗികള്‍ക്ക് സമീപമുള്ള മികച്ച ആശുപത്രികള്‍ കണ്ടെത്തുന്നതിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ആയുര്‍വേദം ഫോര്‍ യു. ഡോക്ടര്‍ സീത ചന്ദ്രന്‍ വികസിപ്പിച്ച പരിഷത്ത് ആപ്പും കോണ്‍ക്ലേവിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി തയാറാക്കിയ മൊബൈല്‍ ആപ്പില്‍ 200 യൂസേഴ്‌സ് നിലവിലുണ്ടെന്ന് ഡോ. സീത ചന്ദ്രന്‍ പറയുന്നു.പത്തിലധികം വിദേശ ഡോക്ടര്‍മാരും ആപ്പിന്റെ ഉപഭോക്താക്കളാണ്. ഡോ. അഞ്ജന, ഡോ. ജയകൃഷ്ണന്‍ എന്നിവര്‍ വികസിപ്പിച്ചെടുത്ത യന്ത്രങ്ങളും കോണ്‍ക്ലേവില്‍ പരിചയപ്പെടുത്തി. യുവ സംരംഭകരുടെ സംശയങ്ങള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ് മറുപടി നല്‍കി. ആയുഷ് രംഗത്തെ സ്റ്റാര്‍ട്ടപ്പ് സാധ്യതകള്‍ കേരളം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം യുവ സംരംഭകരോട് പറഞ്ഞു. ഈ രംഗത്ത് മികച്ച സാധ്യതകള്‍ ഉണ്ടെങ്കിലും സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം കുറവാണ്. ആയുര്‍വേദിക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം ആവശ്യമാണെന്നും യുവ ഡോക്ടര്‍മാര്‍ക്ക് ആശയങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ പിന്തുണയും സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കെയര്‍ കേരളം വൈസ് ചെയര്‍മാന്‍ ഡോ. അനില്‍ കുമാര്‍ ആയുഷ് രംഗത്തെ സ്റ്റാര്‍ട്ടപ്പ് സാധ്യതകള്‍ സംരംഭകരുമായി പങ്കുവെച്ചു.സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം മാര്‍ഗ നിര്‍ദ്ദേശം നല്‍കി. ബിഫ സിഇഒ അജയ് ജോര്‍ജ്ജ്, സിഐഐ പ്രസിഡന്റ് സജി കുമാര്‍, കിന്‍ഫ്ര ജനറല്‍ മാനേജര്‍ ഡോ. റ്റി ഉണ്ണികൃഷ്ണന്‍, ദ്രവ്യ ആപ്പ് ഫൗണ്ടര്‍ ഡോ. നിമിന്‍ ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. ആയുഷ് അധിഷ്ഠിത സ്്റ്റാര്‍ട്ടപ്പുകളുടെ അടിസ്ഥാന സൗകര്യ വികസനം എന്ന വിഷയത്തില്‍ പ്രത്യേക ചര്‍ച്ചയും നടന്നു.