താഴത്തങ്ങാടി അറുപുഴയിൽ വാഹനാപകടം: കാർ തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

താഴത്തങ്ങാടി അറുപുഴയിൽ വാഹനാപകടം: കാർ തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ
കോട്ടയം: താഴത്തങ്ങാടി അറുപുഴയിൽ വീണ്ടും കാർ അപകടം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെട്ടു.
ആർക്കും സാരമായി പരിക്കേറ്റില്ല. എറണാകുളം കാക്കനാട് സ്വദേശികളായ ഏഴംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. ശനിയാഴ്ച വൈകിട്ട് മൂന്നരയ്ക്കു ശേഷമായിരുന്നു അപകടം.
എറണാകുളത്തു നിന്നു കോട്ടയത്തേയ്ക്കു പോകുകയായിരുന്നു വാഹനം. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നു സംശയിക്കുന്നു. മുന്നിൽ വരുന്ന ബൈക്ക് കണ്ട് ഡ്രൈവർ കാർ ഇടത്തേയ്ക്ക് വെട്ടിച്ചു. കാർ നേരെ ചെന്ന് ഇടിച്ചത് ആറ്റിന്റെ കൈവരിയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടു തവണ തലകീഴായി മറിഞ്ഞു. റോഡിൽ തലകുത്തിക്കിടന്ന വാഹനത്തിൽ നിന്നും അപകടത്തിൽപ്പെട്ടവരെ ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ തട്ടുകടയിലെ ജീവനക്കാരും ചേർന്നാണ് രക്ഷിച്ചത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു.