
കൈക്കൂലി പണം ഒളിപ്പിച്ചിരുന്നത് കെട്ടിടത്തിന്റെ ഓടുകൾക്കിടയിലും വാഴകളുടെ കൈകളിലും; ഗോപാലപുരം കന്നുകാലി ചെക്പോസ്റ്റിൽ മിന്നൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ; കണക്കിൽ പെടാത്ത 8931രൂപ ഇവിടെ നിന്നും കണ്ടെടുത്തു
സ്വന്തം ലേഖകൻ
പാലക്കാട്: ഗോപാലപുരം കന്നുകാലി ചെക്പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കണക്കിൽ പെടാത്ത 8931രൂപയും ഇവിടെ നിന്നും കണ്ടെടുത്തു, കൈക്കൂലി പണം ഒളിപ്പിച്ചിരുന്നത് കെട്ടിടത്തിന്റെ ഓടുകൾക്കിടയിലും സമീപത്തുള്ള വാഴകളുടെ കൈകളിലും. പരിശോധനയിൽ കണ്ടെത്തിയത് വലിയ ക്രമക്കേടുകളാണ്.
വിജിലൻസ് സിഐ ഐ.ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിൽ ചെക്ക് പോസ്റ്റിൽ വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല വാഹനങ്ങളിൽ നിന്നായി വാങ്ങിയ പണം ചുരുളുകളാക്കി ചെക്പോസ്റ്റ് കെട്ടിടത്തിന്റെ ഓടുകൾക്കിടയിലും സമീപത്തുള്ള വാഴകളുടെ കൈകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ഇന്നലെ ചെക്പോസ്റ്റിലുണ്ടായിരുന്ന ലൈവ് സ്റ്റോക് ഇൻസ്പെക്ടർക്കും അറ്റൻഡർക്കുമെതിരെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
കന്നുകാലികളുടെ എണ്ണത്തിനനുസരിച്ചാണു ചെക്പോസ്റ്റിൽ പണമടയ്ക്കേണ്ടത്. എന്നാൽ, ലോറിയിലെ ജീവനക്കാർ നൽകുന്ന കൈമടക്കു വാങ്ങി പരിശോധന കൂടാതെ ലോറികൾ കടത്തിവിടുന്നെന്നാണു പരാതി. കന്നുകാലികളെ ഡോക്ടർ പരിശോധിച്ചു മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണമെന്നും നിർദേശമുണ്ട്.
എന്നാൽ, മെഡിക്കൽ സർട്ടിഫിക്കറ്റുകളും തലേദിവസം തന്നെ ഒപ്പിട്ടു സീൽ ചെയ്തു വച്ചിട്ടുള്ളതായി കണ്ടെത്തി. പുതിയ ഉത്തരവനുസരിച്ച് ഇറച്ചിക്കോഴി വണ്ടികളിൽനിന്നു കോഴിക്ക് ഒരു രൂപ നിരക്കിൽ ഈടാക്കണം. എന്നാൽ കോഴിവണ്ടികൾ തടയുന്നില്ലെന്നും പരാതിയുണ്ട്.