
അഭയക്കേസിൽ വീണ്ടും അട്ടിമറിയ്ക്കു നീക്കം: പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ സ്വീകരിക്കാൻ കോടതി തയ്യാറായില്ല; എതിർത്തു നിന്നു പ്രതിഭാഗം
തേർഡ് ഐ ബ്യൂറോ
കോട്ടയം: അഭയക്കേസിൽ വീണ്ടും അട്ടിമറിയ്ക്കു നീക്കം. മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും അഭയയുടെ ആത്മാവിന് പോലും ശാന്തി നൽകില്ലെന്നു ഉറപ്പിച്ചു രംഗത്തിറങ്ങിയിരിക്കുകയാണ് സഭയും സഭയുടെ പിൻതുണക്കാരും.
സിസ്റ്റർ അഭയക്കേസിൽ പുതുതായി എട്ട് രേഖകൾ ഹാജരാക്കാനുള്ള സി.ബി.ഐ ശ്രമമാണ് പ്രതിഭാഗത്തിന്റെ ശക്തമായ എതിർപ്പ് മൂലം നടക്കാതെ വന്നത്. കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതിയിലാണ് രേഖകൾ ഹാജരാക്കാൻ സി.ബി.ഐ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിന്റെ നാൾവഴികളിൽ പ്രതിഭാഗം ഇതുവരെ വിവിധ കോടതികളിൽ ഫയൽ ചെയ്ത ഹർജികളും സത്യവാങ്മൂലവുമാണ് കേസിലെ തെളിവായി വിചാരണക്കോടതിയിൽ ഹാജരാക്കാൻ സി.ബി.ഐ തീരുമാനിച്ചത്. ഇത്രയും നാൾ സി.ബി.ഐ യുടെ കൈവശമുണ്ടായിരുന്ന ഈ രേഖകൾ സി.ബി.ഐ 49 സാക്ഷികളെ വിസ്തരിച്ചപ്പോഴും ഹാജരാക്കാതിരുന്നതിനെയാണ് പ്രതിഭാഗം ചോദ്യം ചെയ്തത്.
മാത്രമല്ല രേഖകളിലൂടെ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് പകരം ഫോട്ടോ കോപ്പികൾ ഹാജരാക്കാനും സി.ബി.ഐ ശ്രമിച്ചു. ഈ രേഖകൾ പരിശോധിച്ചാൽ പ്രതികൾ ഏതൊക്കെ വിധത്തിലാണ് കേസ് അന്വേഷണം തടസപ്പെടുത്താനും വഴിതിരിച്ച് വിടാനും ശ്രമിച്ചതെന്ന് ബോദ്ധ്യമാകുമെന്നാണ് സി.ബി.ഐ വാദം.
ഇതുവരെ ഉന്നയിക്കാത്ത പുതിയ വാദവും കേസ് വിചാരണയുടെ അവസാനം രേഖകൾ ഹാജരാക്കാനുളള തിടുക്കവും സംശയം ജനിപ്പിക്കുന്നതായി പ്രതിഭാഗം ആരോപിച്ചു. 49 സാക്ഷികളെ വിസ്തരിച്ചപ്പോഴും ഇത്തരം ഒരു ആരോപണം ഉന്നയിക്കാനോ അത് സാക്ഷിവിസ്താരത്തിലൂടെ സ്ഥാപിച്ചെടുക്കാനോ സി.ബി.ഐ ക്ക് കഴിയാതിരുന്നതും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് സി.ബി.ഐയെ രേഖകൾ ഹാജരാക്കാൻ കോടതി അനുവദിച്ചില്ല. സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തി രേഖകൾ ഹാജരാക്കാൻ സി.ബി.ഐയോട് കോടതി നിർദ്ദേശിച്ചു.
അതിനിടെ പ്രതിഭാഗത്ത് നിന്ന് സാക്ഷികളെ ആരെയും വിസ്തരിക്കേണ്ടെന്ന് ആവശ്യവുമായി പ്രതിഭാഗം കോടതിയിൽ ഹർജി നൽകി. കോടതി പിരിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് കോടതിയുടെ ഓഫീസിൽ എത്തി ഹർജി ഫയൽ ചെയ്തത്. ഹർജിയുടെ പകർപ്പ് സി.ബി.ഐക്ക് കൈമാറി. പതിവുപോലെ കേസ് കോടതി പരിഗണിച്ചപ്പോൾ പ്രതികൾ ആവശ്യപ്പെട്ട സാക്ഷിയായ പിറവം എസ്.എച്ച്.ഒ യ്ക്ക് സമൻസ് അയച്ചിട്ടുണ്ടെന്നും സാക്ഷി ഈ മാസം 16 ന് ഹാജരാകുമെന്നും സി.ബി.ഐ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. സാക്ഷിയെ വിസ്തരിക്കേണ്ടെന്ന പ്രതിഭാഗം ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.