play-sharp-fill
സ്‌കൂളിലെ ഉച്ചക്കഞ്ഞിയിലും കൈയിട്ടു വാരി സർക്കാർ ; പിഞ്ചു കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകാനും പണമില്ല

സ്‌കൂളിലെ ഉച്ചക്കഞ്ഞിയിലും കൈയിട്ടു വാരി സർക്കാർ ; പിഞ്ചു കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകാനും പണമില്ല

 

സ്വന്തം ലേഖിക

തിരുവനന്തപുരം: സർക്കാർ ഖജനാവ് കാലിയായതോടെ പിഞ്ചുകുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകാനും സർക്കാരിന് പണമില്ല. സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണം വളരെ പ്രതിസന്ധിയിലാണ്.

സ്‌കൂളുകൾക്ക് ഉച്ചഭക്ഷണത്തിനുള്ള ധനസഹായം മൂന്നുമാസമായി സർക്കാർ കൈമാറുന്നില്ല. കൈയിൽനിന്ന് പണംമുടക്കി പദ്ധതിയുമായി മുന്നോട്ടുപോയ സ്‌കൂളുകളിലെ പ്രധാന അധ്യാപകർ ആകെ വെട്ടിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ വിദ്യാർഥികൾക്കു പോഷകാഹാരം ഉറപ്പാക്കാനായി നടപ്പാക്കിയിരുന്ന മുട്ടയും പാലും ഒക്കെ മുടങ്ങി.കേന്ദ്രഫണ്ടുകൂടി ഉപയോഗിച്ചാണ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കിയിരുന്നത്. ഡി.പി.ഐയ്ക്ക് സർക്കാർ കൈമാറുന്ന പണമാണ് സ്‌കൂളുകൾക്ക് നൽകിയിരുന്നത്. കേന്ദ്രഫണ്ട് വെട്ടിക്കുറച്ചതും സാമ്പത്തികപ്രതിസന്ധിയും കാരണം മൂന്നുമാസമായി ഈ ഫണ്ട് കൈമാറിയിട്ടില്ല.

ചിലയിടത്ത് പി.ടി.എ പിരിവെടുത്തും, അധ്യാപകർ സംഭാവനകൾ സ്വീകരിച്ചും ഉച്ചഭക്ഷണപദ്ധതി മുടങ്ങാതെ നോക്കുന്നുണ്ട്. എന്നാൽ എത്രനാൾ ഇങ്ങനെ പോകാനാവുമെന്ന് അവർക്കറിയില്ല. കുടിശിക കൂടിയതോടെ പച്ചക്കറി വിതരണക്കാരും പാചകവാതക ഏജൻസികളും പണത്തിനായി സ്‌കൂളുകളിൽ കയറിയിറങ്ങുന്ന അവസ്ഥയുമുണ്ട്.

ഉച്ചഭക്ഷണം പാചകം ചെയ്യുന്നവരുടെ കൂലിയും മുടങ്ങി. ഉച്ചഭക്ഷണപദ്ധതി ഇതുവരെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മുടങ്ങിയിട്ടില്ലായിരുന്നു. മുമ്പ് സ്‌കൂളുകളിൽ ഉച്ചയ്ക്കു കഞ്ഞിയും പയറുമാണ് നൽകിയിരുന്നത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്താണ് ഇതു സമ്പുഷ്ടമായ ഊണാക്കിയത്. അച്ചാർ, തൈര് എന്നിവ കൂടാതെ മൂന്നു കറികളും ഉൾപ്പെട്ടതായിരുന്നു ഊണ്.

കൂടുതൽ സാമ്പത്തികശേഷിയുള്ളള പി.ടി.എകൾ അധിക കറികൾ ഉൾപ്പെടുത്തിയിരുന്നു. അരി എഫ്.സി.ഐ വഴി സർക്കാർ നൽകും.പാചകവാതകം, പച്ചക്കറി, പലവ്യജ്ഞനം തുടങ്ങി മറ്റ് അവശ്യവസ്തുക്കൾ വാങ്ങാനുള്ള പണം പ്രധാനഅധ്യാപകർക്കു മുൻകൂറായി നൽകും.

ആദ്യത്തെ 150 കുട്ടികൾക്ക് ഒരാൾക്ക് എട്ടുരൂപ വീതവും, തുടർന്ന് 151-മുതൽ 500 വരെയുള്ള കുട്ടികൾക്ക് ഏഴു രൂപയും 501ൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ആറു രൂപവീതവുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക. പോഷകാഹാരം ഉറപ്പാക്കാൻ പാലും മുട്ടയും ആഴ്ചയിൽ രണ്ടു തവണ നൽകിയിരുന്നു.

എം.എസ്. സന്ദീപ്