ശബരിമലയിൽ കൈവിട്ട് പോയ ഹിന്ദു വോട്ട് തിരികെ പിടിക്കാൻ മുസ്ലീം സമുദായത്തെ കടന്നാക്രമിച്ച് സിപിഎം: മോഹനനു പിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെയും മുസ്ലീം വിരുദ്ധ പരാമർശം; പാർട്ടിക്കുള്ളിൽ ഒളിഞ്ഞിരുന്ന് പ്രവർത്തിക്കുന്ന മാവോയിസ്റ്റുകളെയും തീവ്രവാദികളെയും കണ്ടെത്താൻ അതീവ ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ മുസ്ലീം വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഇരുവശത്തു നിന്നും കടന്നാക്രമണം നേരിടുമ്പോഴും സിപിഎം തുടരുന്ന മൗനത്തിന് അർത്ഥ തലങ്ങൾ ഏറെ. മോഹനൻ മാസ്റ്റർക്കു പിന്നാലെ എസ്.ഐയ്‌ക്കെതിരെ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്‌കരൻ നടത്തിയ പ്രസംഗം കൂടി പുറത്തു വന്നതോടെയാണ് ശബരിമലയിൽ കൈവിട്ടു പോയ തീവ്ര ഹിന്ദു വോട്ട് തിരികെ പിടിക്കാനാണ് മാവോയിസ്റ്റ് – മുസ്ലീം വേട്ടയെ സിപിഎം ഉപയോഗിക്കുന്നതെന്ന് വ്യക്തമാകുന്നത്.
മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദികളും കൈ കോർക്കുന്നതായുള്ള കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത മേഖലയിൽ നിന്നും വിമർശനം വന്നിട്ടും സിപിഎം ഇതുവരെയും ഇതിനെ തള്ളിപ്പറയാൻ രംഗത്ത് എത്തിയിട്ടില്ല. പാർട്ടിയ്ക്കുള്ളിൽ മുസ്ലീം മാവോയിസ്റ്റ് തീവ്രവാദികൾ തള്ളിക്കയറിയതായി പാർട്ടി മനസിലാക്കിയതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത് തന്നെയാണ് തുറന്നടിക്കാൻ സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയെ തന്നെ നിയോഗിച്ചതിനു പിന്നിലും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടകര എസ്ഐ കെ.ഷറഫുദ്ദീനെതിരെയാണ് കൊലവിളി. സ്റ്റേഷനിലേക്ക് നടന്ന മാർച്ചിലായിരുന്നു പ്രകോപനപരമായ പ്രസംഗം. പറയാൻ അറയ്ക്കുന്ന വാക്കുകൾ പ്രയോഗിച്ചായിരുന്നു എസ്ഐയ്ക്ക് നേരേയുള്ള അധിക്ഷേപം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരനാണ് എസ്ഐ ഷറഫറുദ്ദീനെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്തത്.
രണ്ടാഴ്ച മുമ്ബ് ആയഞ്ചേരി റഹ്മാനിയ സ്‌കൂളിൽ നടന്ന സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിൽ വിവേചനം കാടടിയെന്നാണ് സിപിഎം ആരോപണം. പ്രശ്നമുണ്ടാക്കിയവരിൽ മുസ്ലിംപേരുള്ളവരെ മാത്രം പൊലീസ് വിട്ടയച്ചെന്നാണ് സി.ഭാസ്‌കരന്റെ ആരോപണം.
‘ഈ മുസ്ലിം നാമധാരികളായ ആരെയെങ്കിലും അവിടെ ഇയാളുടെ കൂടെ നിർത്തിയിട്ടുണ്ടെങ്കിൽ ഇയാള് പറയൂല്ലോ..അവരാണ് കൂടുതൽ..അറസ്റ്റ് ചെയ്യപ്പെട്ടതിൽ ..കസ്റ്റഡിയിൽ എടുത്തവരിൽ അവരാണ് കൂടുതൽ..അവരെയെല്ലാം വിട്ടയയ്ക്കുകയാണ്..എന്നിട്ട് ഇവനെ മാത്രം അവശേഷിപ്പിക്കുകയാണ്..വർഗ്ഗീയ കാർഡല്ലാതെ പിന്നെന്താണ്..പറയിപ്പിക്കരുത് എന്നെക്കൊണ്ട്.’സി.ഭാസ്‌കരൻ പറഞ്ഞു. കലോത്സവത്തിൽ അക്രമം കാട്ടിയ പ്രതിയെ സ്ഥലത്ത് നിന്ന് കൊണ്ടുപോകുന്നത് സിപിഎം പ്രവർത്തകർ നേരത്തെ തടഞ്ഞിരുന്നു. എസ്ഐയെയും മറ്റ് പൊലീസുകാരെയും കയ്യേറ്റം ചെയ്തു.
കൃത്യനിർവ്വഹണത്തിന് തടസ്സം നിന്ന നാലുപേരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സിപിഎം വടകര ഏരിയാ കമ്മറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മുസ്ലിം വർഗ്ഗീയവാദിയാണ് എസ്ഐ ഷറഫുദ്ദീൻ എന്നാണ് സിപിഎം ആരോപണം. എന്നാൽ ആരോപണങ്ങൾ ഷറഫുദ്ദീൻ നിഷേധിച്ചു. സിപിഎം പ്രശ്നം വർഗ്ഗീയ വൽക്കരിക്കുകയാണ്. മദ്യപിച്ച് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയവരെ മാത്രമാണ് അറസ്റ്റ് ചെയ്തത് എന്നാണ് വിശദീകരണം.
ആയഞ്ചേരി റഹ്മാനിയ സ്‌കൂളിൽ നടന്ന സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ലീഗ് പ്രവർത്തകരുമായി ഏറ്റുമുട്ടുകയും ചെയ്ത സിപിഎം പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറയുന്നു.