മരട് ഫ്ളാറ്റ് ; സ്ഫോടനത്തിലൂടെ പൊളിക്കുമ്പോൾ പതിനയ്യായിരം ടണ്ണിലേറെ ഭാരമുള്ള വസ്തുക്കൾ ഭൂമിയിലേക്ക് പതിക്കും. ശക്തമായ പ്രകമ്പനം ഉണ്ടാകുമെന്ന ആശങ്ക പങ്കുവച്ച് ഗവേഷകർ
സ്വന്തം ലേഖകൻ
കൊച്ചി : മരടിലെ ഫ്ളാറ്റുകൾ സ്ഫോടനത്തിലൂടെ പൊളിക്കുമ്പോൾ 15,000 ടണ്ണിലേറെ ഭാരമുള്ള വസ്തുക്കൾ ഭൂമിയിലേക്ക് പതിക്കും. മരടിലെ ഫ്ളാറ്റുകൾ നിലനിൽക്കുന്നത് ഒട്ടും ഉറപ്പില്ലാത്ത മണ്ണിലാണ്. ഇത് സ്ഫോടനം മൂലംമുള്ള ആഘാതം ഗുരുതരമാക്കനുള്ള സാധ്യത വളരെ കൂടുതലാണ്. 15,000 ടണ്ണിലേറെ ഭാരം ഒറ്റയടിക്ക് അമരുമ്പോഴുള്ള പ്രകമ്പനം മൂലം കെട്ടിടത്തിനു താഴെയുള്ള മണ്ണ് താഴുകയും അതേ സമ്മർദത്തിൽ അടുത്തുള്ള പറമ്പുകളിലെ മണ്ണ് ഉയരുകയും ചെയ്യാം.
പ്രകമ്പത്തിലൂടെ അടുത്തുള്ള ജലാശയത്തിലെ മണ്ണ് ഇങ്ങനെ ഉയരുകയാണെങ്കിൽ അത് വെള്ളത്തിന്റെ ഒഴുക്കിനെ തന്നെ തടസ്സപ്പെടുത്തും. എന്നാൽ അടുത്തുള്ള പറമ്പുകളിലെ മണ്ണാണ് ഉയരുന്നതെങ്കിൽ അവിടെയുള്ള കെട്ടിടങ്ങൾ തകരുകയോ വിള്ളൽ ഉണ്ടാവുകയോ ചെയ്യാം. കൂടാതെ തൊട്ടടുത്തുള്ള പാലത്തിനു ബലക്ഷയം സംഭവിക്കാം. പ്രകമ്പനം മൂലം ഉയരുന്ന പൊടി പടലത്തിൽ പരിസരമാകെ മുങ്ങിപ്പോകാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഫോടനത്തിൽ പ്രകമ്പനം രണ്ടു തരമാണ്. ബോംബ് സ്ഫോടനം മൂലമുള്ള പ്രകമ്പനവും (ബ്ളാസ്റ്റ് വൈബ്രേഷൻ), തകർന്ന അവശിഷ്ടങ്ങൾ താഴേക്ക് അമരുമ്പോഴുമുള്ള പ്രകമ്പനവും (ടച്ച് ഡൗൺ വൈബ്രേഷൻ). ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിനു 10,000 12,000 ടൺ ഭാരമാണുള്ളത്. പൊളിക്കേണ്ട കെട്ടിടങ്ങളുടെ ആകെ ഭാരം 76,350 ടണ്ണാണ്. ഓരോ കെട്ടിടത്തിനും ഒരു ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീർണമുണ്ട്. അവയിലൊരു ഫ്ളാറ്റിനു രണ്ടര ലക്ഷം ചതുരശ്രയടി വരെയുണ്ട്. 15,000 20,000 ടൺ ഭാരമാണ് ഓരോ സ്ഫോടനത്തിലും താഴേക്കു വരുന്നതെന്നർഥം.