തിങ്കളാഴ്ച്ച സംസ്ഥാനത്ത് കെ.എസ്. ആർ.ടി.സി പണിമുടക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.എസ്. ആർ.ടി. സി ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ(ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ തിങ്കളാഴ്ച്ച സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പണിമുടക്ക്. രണ്ടു വര്‍ഷംകൊണ്ടു കെ.എസ്.ആര്.ടി.സിയെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്കാന് അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി വെട്ടിക്കുറച്ച് ശമ്പളവിതരണം താറുമാറാക്കിയതെന്നു ടി.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി കുറ്റപ്പെടുത്തി.
മൂന്നു വര്‍ഷത്തിനകം 3,000 ബസിറക്കുമെന്നു പറഞ്ഞിട്ട് ഇറക്കിയത് 101 ബസുകള്‍ മാത്രമാണ്. ഒരു പുതിയ ബസിറക്കാത്ത ശബരിമലക്കാലം ഇതാദ്യമാണ്. യു.ഡി.എഫ് ഭരണകാലത്തു മികച്ച നിലയിലെത്തിച്ച കെഎസ്ആര്‍ടിസിയെ സുശീല്‍ഖന്നയുടെ മണ്ടന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിലൂടെ ഇടതു സര്‍ക്കാര്‍ തകര്‍ത്തു. കോടതിയില്‍ ഒത്തുകളി നടത്തി 9,500 പേരെ പിരിച്ചുവിട്ടതായും അദ്ദേഹം ആരോപിച്ചു.