video
play-sharp-fill

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ വീണ്ടും പരാതി: ഗുരുതരാവസ്ഥയിൽ കഴിയുന്ന അമ്മയെ ശുശ്രൂഷിക്കാനെത്തിയ മകനെ ആശുപത്രിയ്ക്കുള്ളിൽ കയറ്റിയില്ല; പരാതിയുമായി മകൻ ആശുപത്രി അധികൃതരെ സമീപിച്ചു

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ വീണ്ടും പരാതി: ഗുരുതരാവസ്ഥയിൽ കഴിയുന്ന അമ്മയെ ശുശ്രൂഷിക്കാനെത്തിയ മകനെ ആശുപത്രിയ്ക്കുള്ളിൽ കയറ്റിയില്ല; പരാതിയുമായി മകൻ ആശുപത്രി അധികൃതരെ സമീപിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ ആശുപത്രിയിൽ എത്തിയ മകനോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കർ മോശമായി പെരുമാറിയതായി പരാതി. ആശുപത്രി ജീവനക്കാരുടെ പേരിൽ പൊലീസ് യൂണിഫോമിന് സമാനമായ യൂണിഫോം ധരിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതി നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ പുതുതായി പരാതി എത്തിയിരിക്കുന്നത്. ധിക്കാരവും ധാർഷ്യവും നിറഞ്ഞ പെരുമാറ്റത്തിലൂടെ തങ്ങൾ മെഡിക്കൽ കോളേജിലെ പൊലീസാണെന്ന രീതിയിലാണ് ഇവർ പെരുമാറുന്നത്.

മാ്ഞ്ഞൂർ സ്വദേശി രാജീവിനാണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരുടെ ഭാഗത്തു നിന്നും ഏറെ മോശമായ അനുഭവം ഏറ്റവും ഒടുവിലായി അനുഭവപ്പെട്ടത്. അത്യാഹിത നിലയിൽ കഴിയുന്ന അമ്മയെ ശുശ്രൂഷിക്കാൻ തന്നെ അനുവദിക്കാതിരിക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്കെതിരെ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ് രാജീവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ രാജീവിനെ സെക്യൂരിറ്റി ജീവനക്കാരൻ വാർഡിനു മുന്നിൽ തടഞ്ഞതിനു പിന്നാലെയാണ് ഇദ്ദേഹം ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവർക്ക് പരാതി നൽകിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്വാസം മുട്ടലിനെ തുടർന്ന് രാജീവിന്റെ അമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒൻപതാം വാർഡിൽ ചികിത്സയിലാണ്.

ദിവസങ്ങളോളമായി അമ്മയ്‌ക്കൊപ്പം ആശുപത്രിയിലായിരുന്ന രാജീവ് വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ വീട്ടിലേക്കു പോകാൻ വാർഡിൽ നിന്നും പുറത്തിറങ്ങി. ഭാര്യയെ അമ്മയ്‌ക്കൊപ്പം നിർത്തിയ ശേഷമാണ് രാജീവ് പുറത്തേയ്ക്കിറങ്ങിയത്. വീട്ടിലേയ്ക്കു പോകുകയായതിനാലും, വാർഡിൽ നിൽക്കുന്ന ഭാര്യയ്ക്ക് പുറത്തേയ്ക്ക് അത്യാവശ്യം വന്നാൽ പോകേണ്ടതിനാലും, രാജീവ് സ്‌റ്റേ പാസ് കയ്യിൽ കരുതിയിരുന്നില്ല.

വാർഡിൽ നിന്നിറങ്ങി സെക്യൂരിറ്റി വിഭാഗത്തിന്റെ ഗേറ്റ് കടന്നതും, ഭാര്യ രാജീവിനെ വിളിച്ചു. അമ്മയെ കാർഡിയോളജി വിഭാഗത്തിൽ പരിശോധനയ്ക്കു കൊണ്ടുപോകണമെന്നും അറ്റന്റർമാർ ഇല്ലാത്തതിനാൽ, സ്ട്രച്ചറിൽ കൊണ്ടു പോകുന്നതിനായി രാജീവ് വേഗം എത്തണമെന്നുമായിരുന്നു ആവശ്യം.

ഇതു കേട്ടതും രാജീവ് വാർഡിലേയ്ക്ക് കയറുന്നതിനായി തിരികെ ഓടിയെത്തി. രാജീവ് ഓടി തിരികെയത്തിയപ്പോൾ കയറ്റിവിടാൻ സെക്യുരിറ്റി ജീവനക്കാരൻ തയാറായില്ല. അത്യാവശ്യമാണെന്നും വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ തിരികെ വിളിച്ചതാണെന്നും പറഞ്ഞിട്ടും വാതിലിൽ കാവൽ നിന്ന സെക്യൂരിറ്റി ജീവനക്കാർ തയ്യാറായില്ല. വാർഡിലേയ്ക്ക് സന്ദർശകരെ അനുവദിക്കാത്ത സമയമായതിനാൽ, പാസ് എടുത്ത് പോലും അകത്തു കയറാൻ നിർവാഹമുണ്ടായിരുന്നില്ല.

ഇതേത്തുടർന്നു ചെറിയ തോതിൽ വാക്കേറ്റവുമുണ്ടായി. തുടർന്നു വാർഡിൽ നിന്നു ഭാര്യ ചീട്ടുമായെത്തിയ ശേഷമാണു പ്രവേശിപ്പിച്ചത്. തുടർന്നാണു, അടിയന്തിര ഘട്ടങ്ങളിൽ കൂട്ടിരിപ്പുകാർക്കു പ്രവേശിക്കേണ്ടിവന്നാൽ എന്തു നടപടിയാണു സ്വീകരിക്കുകയെന്ന ചോദ്യവുമായി സൂപ്രണ്ടിനു പരാതി നൽകിയത്.