
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം എംപി ശശി തരൂർ. വിഷയത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം പ്രാബല്യത്തിൽ വരില്ലെന്നാണ് തന്റെ ധാരണയെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും സുപ്രധാന താൽപര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതിയാണെന്ന് തരൂർ വ്യക്തമാക്കി. അതിനാൽ സർക്കാരിന്റെ അഭിപ്രായവും അനുമതിയും തേടാതെ ഇത്തരമൊരു വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയും വാണിജ്യ താൽപര്യങ്ങളും കണക്കിലെടുത്ത് മുൻപ് ചില വിദേശ കമ്പനികളുടെ ബിഡുകൾ പോലും പരിഗണിക്കാതിരുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുറമുഖത്തിന്റെ വികസനത്തെ എല്ലാവരും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, എല്ലാ നടപടികളും നിയമാനുസൃതമായിരിക്കണമെന്നും ശശി തരൂർ പറഞ്ഞു. വിഷയത്തിൽ ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി സർക്കാർ തീരുമാനമെടുക്കട്ടെയെന്നും, അതിന് ശേഷമേ തുടർനടപടികൾ ഉണ്ടാകാവൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






