Spread the love

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളുടെ മെഡിക്കല്‍ പരിശോധനയില്‍ കർശന നിലപാടുമായി സർക്കാർ.

video
play-sharp-fill

പരിശോധനയ്ക്ക് വനിതാ ഡോക്ടർ മാത്രം പോരെന്നും, വനിതാ ഗൈനക്കോളജിസ്റ്റിന്റെ സേവനം തന്നെ നിർബന്ധമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വിദഗ്ധസമിതിയുടെ ശുപാർശകളും ഡോക്ടർമാരുടെ എതിർപ്പുകളും തള്ളിയാണ് സർക്കാർ ഈ തീരുമാനമെടുത്തത്.

നേരത്തെ, വനിതാ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ മാത്രം ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടിയാല്‍ മതിയെന്നായിരുന്നു ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസമിതി ശുപാർശ ചെയ്തിരുന്നത്.

എന്നാല്‍, മെഡിക്കോ-ലീഗല്‍ തെളിവുകള്‍ ശാസ്ത്രീയമായും കൃത്യമായും ശേഖരിക്കേണ്ടത് നീതിനിർവഹണത്തിന് അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗൈനക്കോളജിസ്റ്റിനെത്തന്നെ പരിശോധനയ്ക്ക് നിശ്ചയിച്ചത്. വനിതാ ഗൈനക്കോളജിസ്റ്റ് പരിശോധന നടത്തുമ്പോള്‍ തെളിവുകള്‍ക്ക് കൂടുതല്‍ വ്യക്തതയും വിശ്വാസ്യതയും ലഭിക്കുമെന്നും, ഇത് ഇരകള്‍ക്ക് നീതി ഉറപ്പാക്കാൻ സഹായിക്കുമെന്നുമാണ് സർക്കാരിന്റെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയത്തില്‍ നേരത്തേ ഡോ. ലക്ഷ്മി രാജ്‌മോഹന്റെ നേതൃത്വത്തില്‍ ഡോക്ടർമാർ കോടതിയെ സമീപിച്ചിരുന്നു. രജിസ്റ്റർ ചെയ്ത ഏത് മെഡിക്കല്‍ പ്രാക്ടീഷണർക്കും പരിശോധന നടത്താമെന്നിരിക്കെ, ഗൈനക്കോളജിസ്റ്റുകളെ മാത്രം നിർബന്ധിക്കുന്നത് അനാവശ്യ ജോലിഭാരം ഉണ്ടാക്കുന്നുവെന്നും ദേശീയ-അന്തർദേശീയ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇവർ വാദിച്ചിരുന്നു.

കോടതിയുടെ നിർദേശപ്രകാരമാണ് തുടർന്ന് വിദഗ്ധസമിതിയെ നിയോഗിച്ചത്. അതേസമയം, എല്ലാ ഡ്യൂട്ടി ഷിഫ്റ്റുകളിലും വനിതാ മെഡിക്കല്‍ ഓഫീസറുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും, വനിതാ ഡോക്ടർമാർക്ക് മെഡിക്കോ-ലീഗല്‍ പരിശോധനകളിലും ഫോറൻസിക് തെളിവ് ശേഖരണത്തിലും പ്രത്യേക പരിശീലനം നല്‍കണമെന്നുമുള്ള സമിതിയുടെ മറ്റ് നിർദേശങ്ങള്‍ സർക്കാർ പരിഗണിച്ചേക്കും.

ഗൈനക്കോളജിസ്റ്റുകളെ പരിശോധനയ്ക്ക് നിർബന്ധമാക്കുന്നതിലൂടെ കേസുകളുടെ നടത്തിപ്പിലും തെളിവ് ശേഖരണത്തിലും കൂടുതല്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.