
ഡല്‍ഹി: വാട്ട്സാപ്പിലെ പുതിയ യൂസര്‍ ഐഡി ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് മെറ്റക്ക് നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍.
ഫീച്ചറിനെ കുറിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ഓണ്‍ലൈന്‍ തട്ടിപ്പിനായി ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
500 മില്യണിലധികം ഉപഭോക്താക്കളുള്ള ആശയവിനിമയ ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. 2026 ജൂണ്‍ 29നാണ് ‘യൂസര്‍ ഐഡി’ ഫീച്ചര്‍ ആദ്യമായി വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. ഈ ഫീച്ചര്‍ പ്രകാരം ഉപഭോക്താവിന് വാട്ട്സാപ്പില്‍ ഒരു പ്രത്യേക യൂസര്‍ ഐഡി തിരഞ്ഞെടുക്കാം. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കൈമാറാതെ തന്നെ ഈ യൂസര്‍ ഐഡി ഉപയോഗിച്ച് ആശയവിനിമയം തുടരാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
എന്നാല്‍ ഇത് ഓണ്‍ലൈന്‍ തട്ടിപ്പ്, ഡിജിറ്റല്‍ അറസ്റ്റ് തുടങ്ങിയ തട്ടിപ്പുകള്‍ക്ക് കാരണമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇത് വ്യക്തികളുടെയോ, സ്ഥാപനങ്ങളുടെയോ, സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ പേരിലുള്ള ആള്‍മാറാട്ടത്തിനും കാരണമായേക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നാണ് വിശദീകരണം തേടിക്കൊണ്ട് മെറ്റക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group





