
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വിജിലൻസ് സമർപ്പിച്ച കുറ്റപത്രം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ വലിയ വിജയമാണെന്ന് മുൻ മുഖ്യമന്ത്രി വി.എസ്.
അച്യുതാനന്ദന്റെ മകൻ വി.എ. അരുണ്‍കുമാർ.
വർഷങ്ങള്‍ക്ക് മുൻപ് തന്റെ പിതാവ് വിട്ടുവീഴ്ചയില്ലാതെ ആരംഭിച്ച നിയമപോരാട്ടമാണ് ഇപ്പോള്‍ ലക്ഷ്യത്തിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണകൂടങ്ങള്‍ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ലെന്ന് ഈ കുറ്റപത്രം തെളിയിക്കുന്നു. ഒരുകാലത്ത് ‘തുടർനടപടികള്‍ അവസാനിപ്പിച്ചു’ എന്ന് കാണിച്ച് പോലീസ് തന്നെ ഈ കേസ് റഫർ ചെയ്യാനും അട്ടിമറിക്കാനും ശ്രമിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിന്റെ ഏത് തണലുണ്ടായാലും, കള്ളങ്ങള്‍ എത്രതന്നെ മൂടിവെച്ചാലും നിയമത്തിന്റെ വഴിയില്‍ സത്യം പുറത്തുവരികതന്നെ ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണക്കാരായ പിന്നാക്ക വിഭാഗം സ്ത്രീകളുടെ കണ്ണീരൊപ്പാൻ വി.എസ്. അച്യുതാനന്ദൻ തുടങ്ങിയ വെല്ലുവിളികള്‍ നിറഞ്ഞ ഈ നീതിപോരാട്ടം അവസാന വിജയം കാണുന്നത് വരെ ഒരു മകൻ എന്ന നിലയില്‍ താൻ ഒപ്പമുണ്ടാകുമെന്നും അരുണ്‍കുമാർ കൂട്ടിച്ചേർത്തു.
പിന്നാക്ക വികസന കോർപ്പറേഷനില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുത്ത കോടിക്കണക്കിന് രൂപ വ്യാജ വിലാസങ്ങളുണ്ടാക്കി ഉയർന്ന പലിശയ്ക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസ്. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ നല്‍കിയ പരാതിയിലാണ് കേസിന്റെ തുടക്കം.







