
മലപ്പുറം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ 15-ഓളം പോക്സോ കേസുകളിൽ പ്രതി.
സഹോദരങ്ങളായ പ്രതികളെ നേപ്പാളിൽ നിന്ന് അതിസാഹസികമായി കേരള പോലീസ് പിടികൂടി.
മലപ്പുറം മേൽപ്പത്തൂർ സ്വദേശികളായ മണ്ണാൻതറ വീട്ടിൽ മുഹമ്മദ് (40), നൗഫൽ (32) എന്നിവരാണ് പോലീസിന്റെ വലയിലായത്.
മതപഠന സ്ഥാപനങ്ങളിൽ താമസിച്ച് പഠിക്കുന്ന നിരവധി കുട്ടികളെ ഇവർ പീഡനത്തിന് ഇരയാക്കിയതായാണ് പോലീസ് വ്യക്തമാക്കുന്നത്. കുട്ടികൾ പരാതിയുമായി പോലീസിനെ സമീപിച്ച വിവരം അറിഞ്ഞതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മംഗലാപുരം, ബാംഗ്ലൂർ, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ പിന്നീട് ഇന്ത്യ കടന്ന് നേപ്പാളിലേക്ക് രക്ഷപ്പെട്ടു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നേപ്പാൾ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയതോടെ പ്രതികൾ അവിടെയും സുരക്ഷിതരല്ലെന്ന് മനസ്സിലാക്കി വീണ്ടും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചു.
ഈ നീക്കം അറിഞ്ഞ കേരള പോലീസ് സംഘം ഇവരെ പിന്തുടരുകയായിരുന്നു.
ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമമായ റക്സോളിൽ വെച്ച് തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും വളാഞ്ചേരി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ബിഹാറിൽ നിന്ന് വളാഞ്ചേരിയിൽ എത്തിച്ച പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാസർകോട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്നായി കൂടുതൽ പേർ ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തുന്നുണ്ടെന്നും വിശദമായ അന്വേഷണത്തിനായി പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.







