
സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ സ്ത്രീ സ്കൂട്ടർ യാത്രക്കാരെ മനഃപൂർവ്വം വാഹനം ഇടിച്ച് വീഴ്ത്തി വീഡിയോ ചിത്രീകരിച്ച യൂട്യൂബർ പിടിയില്‍. ജൂണ്‍ 2ന് ഒരു പിതാവ് പൊലീസിന് നല്‍കിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
“റോഡ് സേഫ്റ്റി വാല” എന്ന യൂട്യൂബ് ചാനല്‍ ഉടമയായ മുപ്പത്തിരണ്ടുകാരൻ ഗുർമാൻ സിംഗാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. തന്റെ രണ്ട് പെണ്‍മക്കള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ രണ്ട് അപരിചിതർ മനഃപൂർവ്വം പിന്നില്‍ വന്ന് ഇടിച്ചതായും തുടർന്ന് അവരെ പിന്തുടർന്നതായും പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഈ സംഭവത്തിന്റെ വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ സമാനമായ രീതിയിലുള്ള നിരവധി വീഡിയോകള്‍ പൊലീസിന് ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിലൂടെ സ്ഥിരമായി പോകുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ആദ്യം നോക്കിവയ്ക്കും. പിന്നീട് അവരുടെ വാഹനങ്ങളില്‍ മനഃപൂർവ്വം ഇടിക്കും. സംശയം തോന്നാതിരിക്കാൻ ഉടൻ തന്നെ “സോറി സഹോദരി” എന്ന് പറഞ്ഞ് മാപ്പ് ചോദിക്കും. എന്നാല്‍ ഈ സമയം ദൃശ്യങ്ങളെല്ലാം രഹസ്യമായി ക്യാമറയില്‍ പകർത്തുകയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതുമാണ് ഇയാളുടെ രീതിയെന്ന പൊലീസ് വ്യക്തമാക്കി.







