
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ആറുമാസം ഗർഭിണിയായ യുവതി ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പഞ്ച്ശീൽ കോളനിയിൽ താമസിച്ചിരുന്ന നേഹാ കുമാരി (26)യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അമിത് ഗുപ്ത ഒളിവിലാണെന്നും ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
2025 ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം. ഫരീദാബാദിലെ വാടകവീട്ടിലായിരുന്നു താമസം. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അമിത് ഗുപ്ത പതിവായി ജോലിക്ക് പോകാത്തതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവദിവസവും ഇതേ വിഷയത്തിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ജോലിക്ക് പോകാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ അമിത് ആദ്യം ഭാര്യയെ മർദിക്കുകയും തുടർന്ന് ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിക്കാൻ ശ്രമിച്ചശേഷം കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തല മുക്കിപ്പിടിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസ് പറയുന്നത്. തുടർന്ന് ബന്ധുവിനെ ഫോണിൽ വിളിച്ച് സംഭവം അറിയിച്ച ശേഷം ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി. നേഹയെ ഫോണിൽ ബന്ധപ്പെടാനാകാതെ എത്തിയ ബന്ധുക്കളാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി പൊലീസിനെ വിവരമറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






