
തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഭർത്താവിന്റെ നിരന്തരമായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
വർക്കല വടശ്ശേരിക്കോണം സ്വദേശി ആരതി (27) യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ആറ്റുകാലിലെ വാടകവീട്ടില്‍ ആരതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭരതന്നൂർ സ്വദേശി അതുലുമായി എട്ട് മാസം മുൻപായിരുന്നു വിവാഹം നടന്നത്. വിവാഹശേഷം ഏഴ് മാസമായി ഇരുവരും ആറ്റുകാലിലെ വാടകവീട്ടിലായിരുന്നു താമസം. വിവാഹശേഷം ആരതി നിരന്തരം ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശരീരത്തില്‍ മർദനമേറ്റ പാടുകളുടെ ചിത്രങ്ങളും വീഡിയോകളും ആരതി തന്റെ അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹസമയത്ത് നല്കിയ 50 പവന്റെ സ്വർണാഭരണങ്ങള്‍ അതുല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നഷ്ടപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. ശാരീരികമായും മാനസികമായും പീഡനം നേരിട്ടിരുന്നെങ്കിലും ആരതി ഇക്കാര്യങ്ങള്‍ പൂർണമായി വീട്ടുകാരോട് തുറന്നു പറഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ആറ്റുകാല്‍ വാടകവീട്ടില്‍ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭർത്താവ് അതുലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാർഹിക പീഡനമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പരിശോധിച്ച് തുടർ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.






