
ഉപ്പള: കാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ച ആദ്യകാല ആർഎസ്‌എസ്-ബിജെപി പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളോ പാർട്ടിപ്രവർത്തകരോ ഉണ്ടായില്ല.
കുടുംബങ്ങളുടെയും പൊലീസിന്റെയും അനുമതിയോടെ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയും വനിതലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തില്‍ ചിതയൊരുക്കി മൃതദേഹം സംസ്‌കരിച്ചു.
മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്തിലെ ചിഗ്‌റുപദവ് സ്വദേശിയായ നാരായണനാണ് (64) മരിച്ചത്.
ഒരു മാസം മുമ്പ് മീഞ്ചയിലെ കട വരാന്തയില്‍ ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ മൃതപ്രായനായി കഴിഞ്ഞിരുന്ന നാരായണന്റെ ദയനീയ അവസ്ഥ വാർഡ് അംഗം ഷെരിഫ് ചിനാലയാണ് ഇർഫാന ഇഖ്ബാലിനെ അറിയിക്കുന്നത്. സ്ഥലത്തെത്തിയ ഇർഫാന ഇക്കാര്യം കലക്ടറേയും ജില്ല മെഡിക്കല്‍ ഓഫിസറെയും ബോധിപ്പിച്ചു.
അവരുടെ അനുമതിയോടെ ഇർഫാന ഉപ്പള ഷെയ്ഖ് സായിദ് ഫൗണ്ടേഷനെ സമീപിച്ചു. ഫൗണ്ടേഷൻ പ്രവർത്തകർ നാരായണനെ കുളിപ്പിച്ച് വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരു മാസമായി അവിടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെയാണ് വ്യാഴാഴ്ച നാരായണൻ മരിച്ചത്. മരണവിവരം മഞ്ചേശ്വരം പൊലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാല്‍, മൃതദേഹം ഏറ്റു വാങ്ങാൻ ബന്ധുക്കള്‍ ആരും തയാറായില്ല. രണ്ട് ഭാര്യമാരും, മക്കളും, സഹോദരിയും മൃതദേഹം ഏറ്റെടുത്തു സംസ്‌കരിക്കാൻ ജില്ല പഞ്ചായത്ത് മെംബർ ഇർഫാനക്ക് സമ്മതപത്രം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപ്പളയില്‍ എത്തിച്ച മൃതദേഹം ചെറുഗോളി പൊതുശ്മാശാനത്തില്‍ മകളുടെ സ്ഥാനത്തുനിന്ന് ഹൈന്ദവ ആചാര പ്രകാരം ഇർഫാന ഇഖ്ബാല്‍ ചിതക്ക് തീ കൊളുത്തി അന്ത്യ കർമങ്ങള്‍ നിർവഹിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകരായ റിയാസ് പിലാത്തറ, മഹ്മൂദ് കൈകമ്പ തുടങ്ങിയവരും കർമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഉറ്റവർ നഷ്ടപ്പെട്ട് തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അമ്പതോളം മാതാപിതാക്കളെ സംരക്ഷിക്കുന്ന ഉപ്പളയിലെ ഷെയ്ഖ് സായിദ് വൃദ്ധ മന്ദിരം സ്ഥാപകയാണ് ഇർഫാന. തങ്ങളുടെ ഉത്തരവാദിത്വമാണ് നിർവഹിച്ചത് എന്നും കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും ഇർഫാന പറഞ്ഞു.







