
ബെംഗളൂരു : ഐടി ഹബ്ബായ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മലയാളി യുവാക്കൾ. അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു സംഭവം. ബിഎംടിസി റിട്ടയേർഡ് കണ്ടക്ടറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും, പിടികൂടാനെത്തിയ നാട്ടുകാരെ ആക്രമിക്കുകയും ചെയ്ത രണ്ട് മലയാളി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടാക്സി കാറിലെത്തിയ യുവാക്കൾ വാഹനം വഴിതടസ്സപ്പെടുത്തുന്ന രീതിയിൽ അനധികൃതമായി പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്.
സംഭവം ചോദ്യം ചെയ്ത റിട്ടയേർഡ് ബിഎംടിസി കണ്ടക്ടറെ യുവാക്കൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രക്തം വാർന്ന് വീണ ഇദ്ദേഹത്തെ രക്ഷിക്കാനും അക്രമികളെ പിടികൂടാനുമായി ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും യുവാക്കൾ തിരിഞ്ഞു. കയ്യിൽ കിട്ടിയ ശീതളപാനീയ കുപ്പികളും കല്ലുകളും ഉപയോഗിച്ച് ഇവർ നടുറോഡിൽ അക്രമം അഴിച്ചുവിട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ഒടുവിൽ നാട്ടുകാർ സാഹസികമായി പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമം നടത്തിയ യുവാക്കൾ ലഹരി മരുന്നിന് അടിമകളാണെന്നാണ് പ്രാഥമിക സംശയം.






