
ഡൽഹി: രാജ്യത്ത് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില വൻതോതില്‍ കുറയാൻ സാധ്യത. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നത്.
വാണിജ്യ സിലിണ്ടറുകള്‍ക്ക് 500 രൂപ മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്ത മാസം ഒന്നാം തീയതി എണ്ണക്കമ്പനികള്‍ പുതിയ വില പ്രഖ്യാപിക്കും.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിനും വിതരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതിനും കാരണമായത്. എന്നാല്‍ നിലവില്‍ എണ്ണ ഇറക്കുമതി സാധാരണ നിലയിലായെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ആവശ്യത്തിന് എല്‍.പി.ജി ലഭ്യത ഉറപ്പായ പശ്ചാത്തലത്തില്‍, വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുന്നതായി കേന്ദ്രസർക്കാർ കഴിഞ്ഞദിവസം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യത്തിന് സിലിണ്ടറുകള്‍ ലഭിക്കാതിരുന്നതും കടുത്ത വിലവർധനവും കാരണം കേരളത്തിലുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും കടുത്ത പ്രതിസന്ധിയിലായിരുന്നു. പല ഹോട്ടലുകളും ഇതിനോടകം അടച്ചുപൂട്ടേണ്ടിയും വന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ മാറുകയും വില വൻതോതില്‍ കുറയുകയും ചെയ്യുന്നതോടെ അടച്ചുപൂട്ടിയ ഹോട്ടലുകള്‍ക്ക് വീണ്ടും തുറന്നു പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എല്‍.പി.ജി ശേഖരം ഇതിനകം തന്നെ കപ്പലുകളിലും കണ്ടെയ്നറുകളിലുമായി രാജ്യത്തിന്റെ വിവിധ തീരങ്ങളില്‍ എത്തിച്ചേർന്നിട്ടുണ്ട്. വിതരണം പഴയപടിയാക്കാൻ സർക്കാർ അടിയന്തര നിർദേശം നല്‍കിയതോടെ വരും ദിവസങ്ങളില്‍ രാജ്യത്തെ വാണിജ്യ എല്‍.പി.ജി വിപണി പൂർണ്ണമായും സാധാരണ നിലയിലാകും.







