
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തില്‍ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പൊലീസ്.
എല്‍ഡിഎഫ് കൗണ്‍സിലർ സിന്ധു ശശിയുടെ പരാതിയില്‍ മേയർക്കും ഡെപ്യൂട്ടി മേയർക്കും എതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്.
ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ എസ് പി ദീപക്, മുൻ മേയർ ശ്രീകുമാർ, വഞ്ചിയൂർ ബാബു അടക്കം അഞ്ച് പേർക്കെതിരെയും കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാപ്പാ കേസില്‍ ജയിലിലുള്ള സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് റിലേ സമരം ഇന്നും തുടരും.
നഗരസഭയില്‍ ഇന്നലെയാണ് സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മില്‍ സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലില്‍ മേയർക്കും നിരവധി കൗണ്‍സിലർമാർക്കും പരിക്കേറ്റിരുന്നു.
മേയറുടെയും കാപ്പാ കേസ് പ്രതിയായ കൗണ്‍സിലർ ആർ സുഗതൻ്റെയും രാജിയാവശ്യപ്പെട്ടുള്ള സിപിഎം സമരമാണ് സംഘർഷത്തിലേക്ക് നയിച്ചത്. മേയർ വി വി രാജേഷും മറ്റ് ബിജെപി കൗണ്‍സിലർമാരും ഓഫീസിലേക്കെത്തിയതു മുതല്‍ ഉന്തും തള്ളുമായി. മേയർ ഉള്‍പ്പെടെ നിലത്തുവീണു.
പൊലിസ് ഏറെ പണിപ്പെട്ടാണ് മേയറെ ഓഫീസിനുള്ളിലേക്ക് മാറ്റിയത്. സംഘർഷത്തിനിടെ സിപിഎമ്മിൻ്റെ കാട്ടായിക്കോണം കൗണ്‍സിലർ സിന്ധു ശശിയുടെ തലപൊട്ടി. സംഘർഷമറിഞ്ഞ് നഗരസഭയുടെ പുറത്ത് റിലേ സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ചു.
വി വി രാജേഷിൻ്റെ കാലിന് പ്ലാസ്റ്ററിട്ടു. തലക്ക് പരിക്കേറ്റ സിന്ധു ശശിയുടെ തലയില്‍ നാലു തുന്നലുകളുണ്ട്.







