
കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലകളില്‍ ഒരു മാസത്തിലേറെയായി താണ്ഡവമാടിയ കാട്ടാനയെ ഒൻപത് മണിക്കൂർ നീണ്ട അതിസാഹസിക ദൗത്യത്തിനൊടുവില്‍ വനംവകുപ്പ് മയക്കുവെടി വച്ചു വീഴ്ത്തി.
പിടികൂടിയ ആനയ്ക്ക് ‘ടെലിമെട്രി റേഡിയോ കോളർ’ ഘടിപ്പിച്ച ശേഷം വൈകുന്നേരം 4:45 ഓടെ വെട്ടമ്പാറ വനത്തിലേക്ക് തുറന്നുവിട്ടു.
ആദ്യം വനംവകുപ്പ് രേഖകളില്‍ ‘മലയാറ്റൂർ ഫീമെയില്‍ 4’ എന്ന പിടിയാനയെന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നതെങ്കിലും, വിശദമായ പരിശോധനയില്‍ ഇത് കൊമ്പില്ലാത്ത ‘മോഴ’യാനയാണെന്ന് സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനയുടെ ഇടതു കീഴ്ത്താടിയിലേറ്റ ഗുരുതരമായ പരുക്കും വീക്കവുമാണ് ഇതിനെ അക്രമാസക്തനാക്കിയതെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തല്‍. ഈ പരുക്ക് കാരണം കാട്ടിലെ കഠിനമായ ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെയാണ് ആന എളുപ്പത്തില്‍ ആഹാരം ലഭിക്കുന്ന ജനവാസമേഖലകളിലെ വാഴയും മറ്റ് കൃഷികളും ലക്ഷ്യമിട്ടെത്തിയത്.
ദൗത്യത്തിനിടെ വനംവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം ആനയുടെ പരുക്കിന് വിദഗ്ദ്ധ ചികിത്സയും നല്കി.







