
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏർപ്പെടുത്തിയ നികുതിയിളവിനെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം.
സുധീരൻ രംഗത്ത്. ബജറ്റ് നിർദേശങ്ങള്‍ നിയമസഭയില്‍ എത്തുന്നതിന് മുൻപ് പാർട്ടി തലത്തിലോ യുഡിഎഫിലോ യാതൊരുവിധ ചർച്ചയും നടത്താൻ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചില്ലെന്ന സുധീരന്റെ തുറന്നുപറച്ചില്‍ പാർട്ടിയുടെ ആഭ്യന്തര തകർച്ചയെയാണ് വിരല്‍ ചൂണ്ടുന്നത്.
നിയമസഭയില്‍ ഈ പ്രൊപ്പോസല്‍ വരുന്നതിന് മുമ്പ് തന്നെ പാർട്ടി തലത്തിലും യുഡിഎഫ് സ്ഥലത്തിലും ഇതിനെക്കുറിച്ച് ചർച്ച നടത്തുകയായിരുന്നു അഭികാമ്യം. ചർച്ച നടത്തി നയം രൂപീകരിച്ച ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഇല്ലാതാകുമായിരുന്നു. മദ്യവ്യാപനം തടയുന്നതിന് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിർഭാഗ്യവശാല്‍ സമൂഹത്തില്‍ ഉയർന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന സ്ഥിതിയാണ്.
ഫിനാൻസ് ബില്‍ അവതരിപ്പിക്കുമ്പോള്‍ ഈ പ്രൊപ്പോസല്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകളോ സുതാര്യതയോ ഇല്ലാതെ എടുത്ത ഇത്തരം തീരുമാനങ്ങള്‍ പാർട്ടിയുടെയും മുന്നണിയുടെയും വിശ്വാസ്യതയ്ക്ക് കടുത്ത മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. മദ്യവ്യാപനം തടയുന്നതില്‍ ജനങ്ങളോടുള്ള പ്രതിബദ്ധതയേക്കാള്‍ സ്വന്തം താല്പര്യങ്ങള്ക്കാണ് കോണ്‍ഗ്രസ് മുൻഗണന നല്‍കുന്നതെന്ന പൊതുജനങ്ങളുടെ സംശയങ്ങളെയും ആശങ്കകളെയും ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ ഉയർന്നുവന്നിരിക്കുന്ന ഈ പുതിയ വിവാദം.
സർക്കാരിന്റെ വിശ്വാസതയ്ക്ക് മങ്ങലേൽക്കുന്ന തീരുമാനം ഉണ്ടാകാൻ പാടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീരുമാനങ്ങള്‍ സുതാര്യത നിലനിർത്തി, നേരെ ചൊവ്വേ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് വിവാദങ്ങള്‍ ഇല്ലാതെ മുന്നോട്ട് നീക്കേണ്ടിയിരുന്നു. മയക്കുമരുന്നിന്റെ കാര്യത്തില്‍ ആഭ്യന്തര വകുപ്പ് നന്നായി പ്രവർത്തിക്കുന്നുവെന്നും സുധീരന് പറഞ്ഞു. വിഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോള് എല്‍ഡിഫിനെ വിമർശിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് തന്നെ ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കണം. നേരത്തെ പ്രതിപക്ഷം സ്വീകരിച്ച നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കണം. കരിമണല്‍ ഖനന നയത്തിലും അവ്യക്തത നിലനില്ക്കുന്നു. ഖനനം ഉണ്ടാവില്ലെന്ന് സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







