
കൊല്ലം : മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ വാക്സിൻ കുത്തിവെച്ചതിന് പിന്നാലെ തുടയിൽ കടുത്ത വീക്കം രൂപപ്പെട്ടു. ഇതോടെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നതായി പരാതി. സംഭവത്തിന് കാരണം ആരോഗ്യപ്രവർത്തകരുടെ ചികിത്സ പിഴവെന്നാണ് ആരോപണം. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. അച്ചൻകോവിൽ പൊങ്ങലിൽ വീട്ടിൽ അപർണ-ശ്യാം ദമ്പതികളാണ് പരാതിക്കാർ.
ഈ മാസം മൂന്നിനായിരുന്നു സംഭവം. അച്ചൻകോവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് രണ്ടര മാസത്തെ പ്രതിരോധ വാക്സിൻ കുട്ടിക്ക് എടുത്തത്. കുത്തിവെപ്പിന് പിന്നാലെ കുഞ്ഞിന്റെ തുടയിൽ നീർക്കെട്ടുണ്ടായി. കല്ലിച്ചതോടെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. എന്നാൽ കൃത്യമായ മാർഗ്ഗനിർദ്ദേശം പോലും നൽകാൻ ആശുപത്രി അധികൃതരോ കുത്തിവയ്പ് എടുത്തവരോ തയ്യാറായില്ല.
രണ്ടാഴ്ച കഴിഞ്ഞിട്ടും നീർവീക്കം കുറയാതിരുന്നതിന് പിന്നാലെ കടുത്ത പനിയും ബാധിച്ചു. ഇതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ തിരുവനന്തപുരം എസ് ഐ ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുത്തിവെച്ച ഭാഗത്ത് പഴുപ്പ് ബാധിച്ചതോടെ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ഇത് നീക്കം ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






