കേന്ദ്രമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ജോലി വാഗ്ദാനം: 20 ലക്ഷം തട്ടിയതായി പരാതി
തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജീവ് അശോകനെതിരെയാണ് 20 ലക്ഷം തട്ടിച്ചതായി പരാതി ലഭിച്ചത്.
കേന്ദ്രമന്ത്രിമാരായ രത്തൻലാൽ കട്ടാരി, രാംദാസ് അത്തേവാല, തവർചന്ദ് ഗെലോട്ട് തുടങ്ങിയവരുടെ ഓഫീസിലേക്കാണ് ഇയാൾ ജോലി വാഗ്ദാനം നടത്തിയതായി പരാതിയിൽ പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശി അഭിലാഷിനെയാണ് ആദ്യം രാജീവ് സമീപിച്ചത്. രാംദാസ് അത്തേവാലയുടെ പി.ആർ.ഒ എന്ന് പരിചയപ്പെടുത്തിയാണ് രാജീവ് ആളുകളെ സമീപിച്ചത്.
അഭിലാഷ് ഉൾപ്പെടെയുള്ളവരെ രാജീവ് അശോക് ന്യൂഡൽഹിയിൽ വിളിച്ചുവരുത്തി. മന്ത്രി അത്തേവാലയുടെ ഓഫീസിലും വീട്ടിലും കൂട്ടിക്കൊണ്ടുപോയി. മന്ത്രിയുടെ വീട്ടിലെത്തി പരിചയപ്പെടുത്തുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്ത രാജീവ് അശോകിന് മന്ത്രിയുമായി അടുപ്പം ഉണ്ടെന്ന് കരുതി ഇവർ പണം അക്കൗണ്ട് വഴി കൈമാറുകയായിരുന്നു. യാതൊരു സുരക്ഷാ പരിശോധനയും കൂടാതെയാണ് രാജീവ് അശോകിനൊപ്പം മന്ത്രി മന്ദിരത്തിലും ഓഫീസിലും പ്രവേശിച്ചതെന്ന് ഇവർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ മൂന്നുപേർക്ക് മന്ത്രി രത്തൻ ലാൽ കട്ടാരിയയുടെ ഓഫീസിന്റെ പേരിൽ വ്യാജേന മെയിലുകളെത്തി. ജോലിയുടെ വിശദാംശങ്ങളും ഗേറ്റ് പാസും അനുവദിച്ചുള്ള ഇ-മെയിലുകളാണ് അയച്ചത്. നിയമന ഉത്തരവ് ലഭിച്ചെങ്കിലും ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെ ഇവർ മന്ത്രിമാരുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. തുടർന്ന് പൊലീസിലും പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും പരാതി നൽകുകയായിരുന്നു.