Spread the love

ആലപ്പുഴ: സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ മദ്യവ്യാപനത്തിനും കരിമണൽ ഖനനത്തിനും വഴിയൊരുക്കുന്ന നിർദേശങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള പ്രഖ്യാപനം യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ ലഹരിവിരുദ്ധ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളോടുള്ള വാഗ്ദാനലംഘനമാണ് ഈ നടപടിയെന്നും സുധീരൻ ആരോപിച്ചു.

video
play-sharp-fill

കേരളത്തിൽ ലഹരിപദാർഥങ്ങളുടെ വ്യാപനം ഗുരുതരമായ സാമൂഹിക പ്രശ്നമായി തുടരുന്ന സാഹചര്യത്തിൽ മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ നടത്തുന്ന ഏതൊരു മദ്യവ്യാപനവും അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. ശക്തമായ ജനപക്ഷ മദ്യനയം രൂപീകരിച്ച് നടപ്പാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

ധാതുമണൽ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റ് നിർദേശവും ആലപ്പുഴ തീരദേശ ജനതയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തോട്ടപ്പള്ളിയിൽ നടത്തിയ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ റദ്ദാക്കണമെന്നും, ഖനനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമഗ്ര പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരദേശ ജനങ്ങളുടെ ജീവിതത്തെയും പരിസ്ഥിതിയെയും ബാധിക്കുന്ന കരിമണൽ ഖനനത്തിന് അവസരമൊരുക്കുന്ന നിർദേശങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സുധീരൻ കത്തിൽ അഭ്യർത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group