
നിലമ്പൂർ: നിലമ്പൂർ പാലാങ്കരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആനയെ കരയ്‌ക്കെത്തിച്ചു.
നിലമ്പൂർ കരുളായി പാലാങ്കര വലിയ പാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്തെ കിണറ്റിലാണ് അബദ്ധത്തില്‍ ആന വന്നത്. ആനയുടെ ചിന്നം വിളി കേട്ടെത്തിയ നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന് ഇവർ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതിന് പിന്നാലെ നിലമ്പൂർ സൗത്ത് ഡിവിഷനിലെ വനപാലക സംഘവും ഉടൻ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കിണറിന് ആഴം കൂടുതലായിരുന്നു, അതുകൊണ്ട് തന്നെ ആനയ്ക്ക് സ്വയം കയറുക എന്നത് ബുദ്ധിമുട്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തില്‍ ജെസിബി എത്തിച്ചാണ് വനംവകുപ്പ് തുടർനടപടികള്‍ സ്വീകരിച്ചത്. ജെസിബി എത്തിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് വീതി കൂട്ടുകയും, ആനയ്ക്ക് നടന്നു കയറാൻ പാകത്തില്‍ മണ്ണുകൊണ്ട് ചരിവ് നിർമ്മിക്കുകയുമായിരുന്നു.
ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ മണ്‍തിട്ടയിലൂടെ കാട്ടാന സുരക്ഷിതമായി കിണറ്റിന് പുറത്തെത്തി. വീഴ്ചയില്‍ ആനയ്ക്ക് പരിക്കുകളുണ്ടായിട്ടുണ്ടോ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. കരയ്‌ക്കെത്തിയ ആന തൊട്ടടുത്ത വനമേഖലയിലേക്ക് തന്നെ തിരികെ ഓടിപ്പോയി. ആനയ്ക്ക് മറ്റ് പരിക്കുകളൊന്നുമില്ല.







