
വടക്കാഞ്ചേരി: വീട്ടിലേക്ക് മടങ്ങാനായി കൈകൂപ്പി അപേക്ഷിച്ച വിദ്യാർഥികള്‍ക്ക് പോലും ബസില്‍ കയറാൻ അവസരം നിഷേധിച്ച സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കർശന നടപടി.
വടക്കാഞ്ചേരി-കുന്നംകുളം റൂട്ടില്‍ സർവീസ് നടത്തുന്ന റോയക്സ് ഗ്രൂപ്പിന്റെ പ്രിയമോള് ബസിലെ കണ്ടക്ടർ മംഗലം ചീരോത്ത് വളപ്പില്‍ രാമദാസിന്റെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതായി ജോയിന്റ് ആർടിഒ അറിയിച്ചു.
കൂടാതെ നിർബന്ധിത ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. ബസിന്റെ പെർമിറ്റ് ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസും കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച വൈകിട്ടാണ് വിവാദത്തിന് ഇടയായ സംഭവം നടന്നത്. ക്ലേലിയ ബാർബിയേറി ഹോളി ഏയ്ഞ്ചല്‍സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ എട്ട് ആണ്‍കുട്ടികള്‍ സ്പെഷല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റാൻഡിലെത്തിയതായിരുന്നു. എന്നാല്‍ ബസില്‍ കയറാൻ ശ്രമിച്ച ഇവരെ കണ്ടക്ടർ ശകാരിച്ച് മാറ്റിനിർത്തിയെന്നാണ് പരാതി.
ബസ് പുറപ്പെടാൻ സമയമായപ്പോള്‍ കയറാമെന്ന് പറഞ്ഞ് കുട്ടികളെ കാത്തുനിർത്തിയെങ്കിലും പിന്നീട് നാലു കുട്ടികളെ മാത്രം ബസിലേക്ക് പ്രവേശിപ്പിക്കുകയും ബാക്കിയുള്ളവരെ തടയുകയും ചെയ്തു. ബസ് പുറപ്പെടാനിരിക്കെ ഒരുവിദ്യാർഥി കൈകൂപ്പി വീട്ടില്‍ പോകേണ്ടതുണ്ടെന്ന് അപേക്ഷിച്ചെങ്കിലും കണ്ടക്ടർ നിലപാട് മാറ്റിയില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന കുമരനെല്ലൂർ സ്വദേശി ടി.കെ. സനീഷ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
വിദ്യാർഥികളെ ബസില്‍ കയറുന്നതില്‍ നിന്ന് തടയുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി കണ്ടക്ടർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.







