
കോഴിക്കോട്: ജില്ലയിൽ റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി പറഞ്ഞു. കേന്ദ്ര സംഘത്തിന്റെ പരിശോധന പൂർത്തിയായെങ്കിലും രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. കാടുകളോട് ചേർന്നുകിടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിപ ബാധയ്ക്ക് കൂടുതൽ സാധ്യതയുള്ളതെന്നും ആദ്യഘട്ടങ്ങളിൽ കോഴിക്കോട് ജില്ലയിൽ മാത്രമായിരുന്ന രോഗവ്യാപനം കഴിഞ്ഞ വർഷങ്ങളിലായി മലപ്പുറത്തേക്കും പാലക്കാട്ടേക്കും വ്യാപിച്ചതായും അവർ പറഞ്ഞു.
നിലവിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. എന്നാൽ രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് കളക്ടർ അറിയിച്ചു. ജില്ലയിലെ ആരോഗ്യവകുപ്പും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ പരിചയക്കുറവിനെക്കുറിച്ച് ആരോഗ്യമന്ത്രി നടത്തിയ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് എം.എസ്. മാധവിക്കുട്ടി പറഞ്ഞു. അതേസമയം ജില്ലയിൽ 120 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അവർ അറിയിച്ചു. കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ഷിഗെല്ലയുടെ വ്യാപനം തടയാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും കളക്ടർ അഭ്യർഥിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






