
തിരുവനന്തപുരം: ദേവസ്വം ബോർഡിലെ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികള്‍ പരിഹരിക്കുമെന്നും നിലവിലെ ഉത്തരവ് പുനഃപരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
തിരുവനന്തപുരത്ത് ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് മുന്നോട്ട് പോകാനാണ് ബോർഡ് ഉദ്ദേശിക്കുന്നത്.
ഉയർന്നുവന്ന പരാതികളില്‍ ഭൂരിഭാഗവും പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ ഇരുപതോളം നിയമനങ്ങളില്‍ ഭേദഗതി വരുത്തും. ചില ക്ഷേത്രങ്ങളിലേക്ക് ജീവനക്കാർ നിയമനം ആവശ്യപ്പെട്ടിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീനിയോറിറ്റി മറികടന്ന് ജൂനിയർ ജീവനക്കാർക്ക് മുൻഗണന നല്‍കിയതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പരാതികള്‍ ഉയർന്നത്. മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട തസ്തികകള്‍ നല്‍കാതെ ജൂനിയർ ആയവർക്ക് മുൻഗണന നല്‍കുന്നത് ശരിയല്ല. ഇത് കോമണ്‍സെൻസിന്റെ പ്രശ്നമാണ്.
സ്വാഭാവികമായും ജീവനക്കാർക്ക് ഇതില്‍ അമർഷവും പരാതിയുമുണ്ടാകും. മാനദണ്ഡങ്ങള്‍ക്ക് വിധേയമായിത്തന്നെ മണിക്കൂറുകളോളം ചർച്ച നടത്തിയാണ് ഈ അപാകതകള്‍ ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നത്. ഒരു ട്രാൻസ്ഫറിനായി ഇത്രയധികം സമയം ചിലവഴിക്കേണ്ടി വന്നുവെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
വിവാദങ്ങളില്‍പ്പെട്ട ശ്യാംപ്രകാശിനെതിരെ നിലവില്‍ ബോർഡിന് മുന്നില്‍ മറ്റ് ആരോപണങ്ങളൊന്നുമില്ല. എന്തെങ്കിലും പരാതികള്‍ ഉയർന്നുവന്നാല്‍ അത് പരിശോധിക്കാൻ ബോർഡ് ഇപ്പോഴും തയ്യാറാണ്.
‘അയാള്‍ നിലവില്‍ നമ്മുടെ ജീവനക്കാരനല്ല. ഒരു കേസിന്റെ ഭാഗമായി പൊലീസ് വന്ന് ചോദ്യം ചെയ്തു എന്നതുകൊണ്ട് മാത്രം ഒരാളെ എങ്ങനെ മാറ്റിനിർത്താനാകും? വിജിലൻസ് കേസോ അല്ലെങ്കില്‍ വിജിലൻസ് ക്ലിയറൻസ് ഇല്ലാത്ത സാഹചര്യമോ ഉണ്ടെങ്കില്‍ മാത്രമേ മാറ്റിനിർത്തേണ്ടതുള്ളൂ. നിലവില്‍ വിജിലൻസ് ക്ലിയറൻസ് ഉള്ളവരെ മാത്രമാണ് ബോർഡ് പരിഗണിച്ചിട്ടുള്ളത്. അയാളെ എസ്.ഐ.ടി ചോദ്യം ചെയ്തതായി പറയുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് എനിക്ക് അറിവില്ല.’- ജയകുമാർ പറഞ്ഞു. രാഷ്ട്രീയ സംഘടനകളില്‍ ഉള്ളവരാണെങ്കിലും ബോർഡിലെ മുഴുവൻ ജീവനക്കാരെയും ഒരേപോലെയാണ് കാണുന്നത്. അവരുടെ പരാതികള്‍ പരിഹരിക്കാൻ ബോർഡ് ബാദ്ധ്യസ്ഥമാണെന്നും, എന്നാല്‍ എല്ലാ പ്രശ്നങ്ങളും പൂർണമായി പരിഹരിച്ചുവെന്ന് അവകാശപ്പെടുന്നില്ലെന്നും കെ. ജയകുമാർ വ്യക്തമാക്കി.







