
ചെന്നൈ: തമിഴ്നാട്ടില്‍ പൂട്ടിയ ടാസ്മാക് കടകളുടെ കണക്ക് പുറത്ത് വിട്ട് സർക്കാർ. 717 മദ്യവില്‍പന ശാലകളാണ് പൂട്ടിയത്.
മധുര റീജ്യനില്‍ പൂട്ടിയത് 290 കടകള്‍. കോയമ്പത്തൂർ റീജ്യൻ 179. ചെന്നൈ റീജ്യണില്‍ 82 കടകളും പൂട്ടി. തമിഴ്‌നാട്ടില്‍ 717 മദ്യവില്‍പന ശാലകള്‍ പൂട്ടാൻ വിജയ് സർക്കാർ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവയ്ക്ക് സമീപത്തെ മദ്യവില്‍പന ശാലകളാണ് അടയ്ക്കുക.
ഇവയുടെ 500 മീറ്റർ ദൂരപരിധിയിലുള്ള കടകളെല്ലാം പൂട്ടാനാണ് ഉത്തരവില്‍ പറയുന്നത്. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെട്ടിരുന്നത് ലഹരി ഉപയോഗത്തെക്കുറിച്ചും അതിനെ തുടർന്നുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചും ആയിരുന്നു. താൻ മുഖ്യമന്ത്രിയായാല്‍ ലഹരിമാഫിയകള്‍ക്ക് കൂച്ചുവിലങ്ങിടും എന്ന തരത്തില്‍ വിജയ് തന്റെ പല പ്രസംഗങ്ങളിലും പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഎംകെ സർക്കാരിനെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു ടാസ്മാക് (TASMAC) അഴിമതി. തമിഴ്നാട്ടിലെ സർക്കാർ അംഗീകൃത മദ്യവില്‍പന ശാലകളാണിവ. ഇവയ്ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പ്രവർത്തിക്കുന്ന 186-ഉം, ആരാധനാലയങ്ങള്‍ക്ക് സമീപമുള്ള 276-ഉം, ബസ് സ്റ്റാൻഡുകള്‍ക്ക് സമീപം പ്രവർത്തിക്കുന്ന 255-ഉം ടാസ്മാക് വില്‍പനശാലകള്‍ പൂട്ടാനുള്ള ഉത്തരവിലാണ് വിജയ് ഇന്ന് രാവിലെ ഒപ്പുവെച്ചത്. ആകെ 4765 ടാസ്മാക് വില്‍പനശാലകളാണ് തമിഴ്‌നാട്ടിലുള്ളത്. അതില്‍ 717 എണ്ണം വലിയ സംഖ്യയാണ്.







