
കാസർകോട്: ബേക്കല്‍ പള്ളിക്കര ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
കോട്ടയം ചങ്ങനാശേരി സ്വദേശിയായ അപ്പു ടി. ഏബ്രഹാമിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബേക്കല്‍ തീരദേശ പോലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം കാണാതായ അങ്കിത് ബാലുവിനായി (20) തെരച്ചില്‍ തുടരുകയാണ്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. റെഡ്മൂണ്‍ ബീച്ചില്‍ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് സംഭവം. ചങ്ങനാശേരിയിലെ ഒരു ബാറില്‍ ജോലി ചെയ്തിരുന്ന ഇവർ ജോലി രാജിവച്ചശേഷം വിനോദയാത്രയ്ക്കായി ബേക്കലിലെത്തുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ യുവാക്കള്‍ ശക്തമായ തിരമാലയില്‍പ്പെട്ടു. കൂടെയുണ്ടായിരുന്ന അലൻ സോണി, അലൻ ദേവസ്യ എന്നിവർ രക്ഷപ്പെട്ടു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം കാണാതായ രണ്ടാമത്തെ യുവാവിനായുള്ള തെരച്ചില്‍ കോസ്റ്റ് ഗാർഡിന്റെയും തീരദേശ പോലീസിന്റെയും നേതൃത്വത്തില്‍ തുടരുകയാണ്.







