Spread the love

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന കൊലപാതക കേസിലെ പ്രതി ഒഡീഷയിൽ നിന്ന് പിടിയിലായി. ഒഡീഷ ഗഞ്ചം സ്വദേശി രാജേന്ദ്ര ഗൗഡയെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

19.06.2022-നാണ് കേസിനാസ്പദമായ സംഭവം. പ്രതി രാജേന്ദ്ര ഗൗഡയും കൊല്ലപ്പെട്ട ശിശിർ ഗൗഡയും ഒഡീഷയിലെ ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. പ്രതിയുടെ ഭാര്യയെ ശിശിർ നിരന്തരം ശല്യം ചെയ്തിരുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. തൊഴിൽ തേടി കോട്ടയിലെത്തിയ ശേഷവും ഭീഷണി തുടർന്നതോടെ പ്രതി ശിശിറിനെ കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് വിളിച്ചുവരുത്തി ചോപ്പർ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് ക്രൈം നമ്പർ 1070/2022 പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തു. അന്വേഷണം പൂർത്തിയാക്കി 16.09.2022-ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസ് S.C. No.782/2022 ആയി കോട്ടയം അഡീഷണൽ ജില്ലാ & സെഷൻസ് ജഡ്ജി-II കോടതിയിൽ വിചാരണ നടന്നുവരവെ പ്രതി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി. തുടർന്ന് കോടതി കേസ് LP No.02/2025 ആക്കി മാറ്റുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി അരുൺ കെ.എസ്, ഇൻസ്പെക്ടർ ടി.വി മുരുകൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒഡീഷയിലെ കട്ടക്കിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. എസ്.ഐ. ബെന്നി ജേക്കബ്, SCPO അജേഷ് മാത്യു, CPO രാകേഷ് എസ്.ജെ., CPO വിവേക് എസ്. എന്നിവരടങ്ങിയ സംഘം ഒഡീഷയിലെത്തി 08.06.2026-ന് വൈകുന്നേരം 5 മണിയോടെ കട്ടക്കിലെ ജുഗറാത്ത് കോളനിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

 

കട്ടക്ക് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ ശേഷം പ്രതിയെ കേരളത്തിലെത്തിച്ചു. 12.06.2026-ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാൾ നിലവിൽ കോട്ടയം ജില്ലാ ജയിലിലാണ്.