
മൂന്നാർ: മനുഷ്യജീവന് ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം എം മണി.
വന്യജീവി ആക്രമണങ്ങള്‍ തടയാൻ നടപടിയെടുക്കാത്ത പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെയും മണി കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തിന് ഒറ്റമൂലി ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രതികരിക്കുകയായിരുന്നു എം എം മണി.
‘മനുഷ്യജീവന് പാരയായി നില്ക്കുന്ന ഏത് മൃഗങ്ങളെയും നേരിടുക തന്നെ വേണം. ഒരു വഴിയുമില്ലെങ്കില്‍ അവയെ കൊന്നുകളയുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. ഹൈറേഞ്ച് മേഖലയില്‍ തങ്ങള്‍ പണ്ട് മുതല്ക്കേ വന്യമൃഗങ്ങളെ നേരിട്ടുകൊണ്ടാണ് വളർന്നത്. പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് വിഷയത്തില്‍ ഒരു വിവരവുമില്ല’ – എം എം മണി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി ജില്ലയിലെ മലയോര മേഖലകളില്‍ വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് മണിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടിരുന്നു. ഇതില്‍ സർക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഎം.
വന്യജീവി ആക്രമണത്തില്‍ ജീവൻ നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായവും നഷ്ടപരിഹാരവും നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും നേരത്തേ പ്രതികരിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ആറുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തപരമായ സമീപനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പിണറായി പറഞ്ഞു.







