
പയ്യന്നൂര്‍: ആക്രി വിറ്റ് റെയില്‍വേ വര്‍ഷം തോറും സമ്പാദിക്കുന്നത് കോടിക്കണക്കിന് രൂപ.
കഴിഞ്ഞവര്‍ഷം (2025-26) സ്ക്രാപ്പ് ഇനത്തില്‍ റെയില്‍വേ നേടിയത് 6813 കോടി രൂപയാണ്. ഈ സാമ്പത്തികവര്‍ഷവും 6000 കോടി രൂപ ലക്ഷ്യമിടുന്നുണ്ട്.
റെയില്‍ ക്ലിപ്പ് മുതല്‍ പഴയ തീവണ്ടി എന്‍ജിന്‍വരെ വില്‍പ്പനയ്ക്ക് വയ്ക്കുന്നുണ്ട്. കാലപ്പഴക്കം മൂലം ഉപയോഗിക്കാത്ത ഒരു തീവണ്ടിയുടെ മുഴുവന്‍ ഭാഗങ്ങളും വില്‍പ്പനയ്ക്ക് വെക്കും. കരുത്തുള്ള പഴയ റെയില്‍പ്പാളങ്ങളും ക്ലിപ്പുകളും ആക്രിയായി വില്‍ക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
18 സോണുകള്‍, ഇന്റഗ്രല്‍ കോച്ച് ഫോക്ടറി, റെയില്‍ കോച്ച് ഫാക്ടറി ഉള്‍പ്പെടെ 25 മേഖലകള്‍ക്കാണ് 6000 കോടി രൂപ ആക്രി ഇനത്തില്‍ സമ്പാദിക്കാന്‍ ടാര്‍ജറ്റ് നല്‍കിയിരിക്കുന്നത്. നോര്‍ത്തേണ്‍ റെയില്‍വേക്കാണ് കൂടുതല്‍ ടാര്‍ജറ്റ്-585 കോടി രൂപ.
കേരളം ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വേക്ക് 440 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ദക്ഷിണ റെയില്‍വേ 531 കോടി രൂപ നേടിയിരുന്നു.
റെയില്‍വേ ഡിപ്പോകളില്‍ കോപ്പര്‍ സ്ക്രാപ്പ് ഉള്‍പ്പെടെ ശേഖരിച്ചു വെച്ചിട്ടുണ്ട്. ഈറോഡ്, പെരമ്പൂര്‍ ഉള്‍പ്പെടെ ലോക്കോ ഷെഡുകളിലാണ് പഴയ ഡീസല്‍ എന്ജിന് ഉള്ളത്. ലക്ഷക്കണക്കിന് സ്ലീപ്പറുകള്‍ റെയില്‍വേ ലേലം ചെയ്യുന്നുണ്ട്. പുതിയ റെയില്‍പാളം വരുമ്പോള്‍ മാറ്റിയവയാണ് സിമന്റ് സ്ലീപ്പറുകള്‍.
പുനരുപയോഗ സാധ്യതയുള്ള ഇവ അതിരുകളില്‍ വേലിത്തൂണുകളായി ഉപയോഗിക്കാം. വളപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിലത്ത് ഉറപ്പിച്ചപോലെ പാത (പ്ലാറ്റ്ഫോം) ഉണ്ടാക്കാം. സ്ലീപ്പറിനുള്ളില്‍ ഫ്രെയിമും ക്ലിപ്പുകളും അടക്കം 15 കിലോ ഇരുമ്പുണ്ട്. ഇവ പൊളിച്ചെടുക്കുന്നുവരും ഉണ്ട്.







