Spread the love

മുംബൈ: ഇന്ത്യയുടെ ആകാശം ഇന്ന് രാത്രി ഒരപൂര്‍വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍, സാധാരണയായി ധ്രുവപ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന ‘അറോറ’ അഥവാ വടക്കന്‍ വെളിച്ചം ഇത്തവണ ഇന്ത്യയിലും ദൃശ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

video
play-sharp-fill

അര്‍ദ്ധരാത്രിക്ക് മുന്‍പായിട്ടാണ് ഈ അപൂര്‍വ പ്രതിഭാസം ഉണ്ടാകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യനില്‍ രൂപപ്പെട്ടുവന്ന ഊര്‍ജ്ജപ്രവാഹമാണ് ഇപ്പോള്‍ ഭൂമിയിലേക്ക് എത്തിച്ചേരുന്നത്.
ജൂണ്‍ ആറിന് സൂര്യനിലുണ്ടായ ശക്തമായ സ്ഫോടനത്തെ തുടര്‍ന്ന്, മണിക്കൂറില്‍ 1400 കിലോമീറ്റര്‍ വേഗതയില്‍ ഒരു കോടി ടണ്‍ കാന്തിക പ്ലാസ്മയാണ് ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെട്ടത്. രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം ഈ പ്ലാസ്മ മേഘങ്ങള്‍ ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിക്കുകയാണ്. യു.എസിലെ സ്‌പേസ് വെതര്‍ പ്രെഡിക്ഷന്‍ സെന്റര്‍ ഇതിനോടകം തന്നെ ഭൂമിയില്‍ ശക്തമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചില സമയങ്ങളില്‍ ഇത് അതിതീവ്രമായ ജി.4 വിഭാഗത്തിലേക്ക് ഉയര്‍ന്നേക്കാം. ഇന്ന് രാത്രി 11:30 നും നാളെ പുലര്‍ച്ചെ 2:30 നും ഇടയിലാണ് ഈ സൌരക്കാറ്റ് അതിന്റെ പൂര്‍ണ്ണ ശക്തിയിലെത്തുക. സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജപ്രവാഹം ഭൂമിയുടെ കാന്തികവലയത്തില്‍ തട്ടി ഉണ്ടാകുന്ന താല്‍ക്കാലിക വ്യതിയാനങ്ങളെയാണ് ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് എന്ന് വിളിക്കുന്നത്. ഇതിന്റെ ഫലമായി ഇന്ത്യയുടെ ആകാശത്തും അതിമനോഹരമായ അറോറ ദൃശ്യമാകാനുള്ള സാധ്യതയുണ്ട്. ലഡാക്കിന്റെ തണുത്തുറഞ്ഞ വിജനമായ മലനിരകള്‍ക്ക് മുകളില്‍ ആകാശം ഒരു അത്ഭുതക്കാഴ്ചയ്ക്ക് വഴിമാറുമോ എന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരിത്രത്തില്‍ ഇതിനുമുമ്പ് ഒരേയൊരു തവണ മാത്രമാണ് ഇന്ത്യയില്‍ ഇത്തരമൊരു പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സൂര്യനില്‍ നിന്നുള്ള ചാര്‍ജ്ജ് ചെയ്യപ്പെട്ട കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂട്ടിയിടിക്കുമ്പോഴാണ് പച്ച, പര്‍പ്പിള്‍, ചുവപ്പ് നിറങ്ങളിലുള്ള വെളിച്ചം ആകാശത്ത് അലകളായി പ്രത്യക്ഷപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി ധ്രുവപ്രദേശങ്ങളില്‍ നിന്നും ഏറെ അകലെ സ്ഥിതി ചെയ്യുന്ന ഇന്ത്യയില്‍ സാധാരണയായി ഈ കാഴ്ച ലഭിക്കാറില്ല. എന്നാല്‍, 2024 മെയ് മാസത്തില്‍ ഉണ്ടായ അതിതീവ്രമായ ജി.5 സൗരക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യയില്‍ അറോറ ദൃശ്യമായിരുന്നു.

ഇന്ന് രാത്രി പ്രതീക്ഷിക്കുന്നത് ജി-3 തീവ്രതയാണെങ്കിലും ലഡാക്കില്‍ കാഴ്ച സാധ്യമാകുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ലഡാക്കിലെ ഹാന്‍ലെയിലുള്ള ഇന്ത്യന്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററിയിലാണ് ഈ പ്രതിഭാസം ദൃശ്യമാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 4500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ അന്തരീക്ഷം വളരെ സുതാര്യവും കൃത്രിമ വെളിച്ചത്തിന്റെ മലിനീകരണമില്ലാത്തതുമാണ്. ഇതിനുമുമ്പ് 2026 ജനുവരി 19-നാണ് ഹാന്‍ലെയിലെ ആകാശത്ത് അറോറയുടെ ചുവപ്പ് വെളിച്ചം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. ഹാന്‍ലെയ്ക്ക് പുറമെ നുബ്ര വാലി, പാംഗോങ് തടാകം, കാശ്മീരിന്റെ ചില ഭാഗങ്ങള്‍, ഉത്തരാഖണ്ഡിലെ ഉയര്‍ന്ന മലനിരകള്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ ഇത് ദൃശ്യമായേക്കാം.

എന്നാല്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ ഉള്ളവര്‍ക്ക് ഈ കാഴ്ച കാണാനാകില്ല. നഗരങ്ങളിലെ കടുത്ത പ്രകാശമലിനീകരണം കാരണം ആകാശത്ത് ഈ മാറ്റം ഉണ്ടായാല്‍ പോലും അത് ദൃശ്യമാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലഡാക്കിലുള്ളവര്‍ക്ക് ഇന്ന് അര്‍ദ്ധരാത്രിക്ക് ശേഷം വടക്ക് ദിശയിലേക്ക് നോക്കിയാല്‍ ലോങ്-എക്സ്പോഷര്‍ കാമറകളുടെ സഹായത്തോടെ ഈ അപൂര്‍വ പ്രതിഭാസം പകര്‍ത്തുവാന്‍ സാധിച്ചേക്കും.

ഇന്ത്യയ്ക്ക് പുറമെ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇന്ന് രാത്രി വടക്കന്‍ വെളിച്ചം വ്യക്തമായി കാണാം. വടക്കേ അമേരിക്കയിലെ മിനിയാപൊളിസ്, സീറ്റില്‍, ബാംഗൂര്‍, കാനഡയിലെ ആല്‍ബര്‍ട്ട, ഒന്റാറിയോ എന്നിവിടങ്ങളിലും യൂറോപ്പിലെ സ്‌കോട്ട്‌ലന്‍ഡ്, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, വടക്കന്‍ ജര്‍മ്മനി, പോളണ്ട്, ഐസ്ലന്‍ഡ് എന്നിവിടങ്ങളിലും ഇത് ദൃശ്യമാകും. തെക്കേ അര്‍ദ്ധഗോളത്തില്‍ ടാസ്മാനിയ, ന്യൂസിലന്‍ഡിന്റെ തെക്കന്‍ ദ്വീപുകള്‍, അര്‍ജന്റീന, ചിലി എന്നിവിടങ്ങളില്‍ ഇതിന്റെ ദ്രുവീയ പ്രതിരൂപമായ ‘അറോറ ഓസ്‌ട്രേലിസ്’ കാണാന്‍ സാധിക്കും.