
തിരുവനന്തപുരം: വെടിവച്ചാംകോവിലിൽ 17-കാരനായ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. അബദ്ധത്തിൽ ചില്ല് വാതിലിലേക്ക് വീണ് മരിച്ചതാണെന്ന നിഗമനം വിശ്വസിക്കാനാകില്ലെന്നും, പ്രതികൾ ഗ്ലാസ് കഷണങ്ങൾ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതാകാമെന്ന സംശയമുണ്ടെന്നും ശിവസൂര്യയുടെ പിതാവ് സുരേഷ് കുമാർ പറഞ്ഞു.
ഉപരിപഠനത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ അക്ഷയ സെന്ററിലേക്ക് പോയ മകൻ ജീവനറ്റ ശരീരമായാണ് വീട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു. സംഭവദിവസം ഐടിഐ പ്രവേശനത്തിനായുള്ള അപേക്ഷ നൽകാൻ പോയ ശിവസൂര്യയെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. രാത്രിയോടെയാണ് സുഹൃത്തുക്കൾ അപകടവിവരം അറിയിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു.
മകനെ ലക്ഷ്യമിട്ട് തന്നെയാണ് പ്രതികൾ എത്തിയതെന്നും നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും സുരേഷ് കുമാർ പ്രതികരിച്ചു. ഒന്നര വർഷം മുൻപ് ടർഫ് ഗ്രൗണ്ടിൽ വച്ച് പ്രതികളുമായി ശിവസൂര്യയ്ക്ക് തർക്കമുണ്ടായിരുന്നുവെന്നും, തുടർന്ന് സ്കൂളിലെത്തി മർദിച്ച സംഭവവും ഉണ്ടായിരുന്നുവെന്നും സഹോദരൻ ശിവകൃഷ്ണ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കേസിലെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പുന്നമൂട് മേഖലയിൽ രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് ശിവസൂര്യയെ ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഒരു വർഷം മുൻപ് ഫുട്ബോൾ കളിക്കിടെ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കയ്യാങ്കളിക്കിടെ സമീപത്തെ കടയുടെ ചില്ല് വാതിലിലേക്ക് തെറിച്ചുവീണ ശിവസൂര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആദ്യം ശാന്തിവിള ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.







