
സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്. ഡൽഹി ഹൈക്കോടതിയുടെതാണ് നടപടി. ഒഎസ്എം (ഓണ് സ്ക്രീൻ മാർക്കിങ്) സംവിധാനം ചോദ്യം ചെയ്ത് എൻഎസ്യു നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും. പരീക്ഷണത്തിൽ തന്നെ പാളിയ ഒഎസ്എം സംവിധാനമാണ് ധൃതിപ്പിടിച്ച് സിബിഎസ്ഇ നടപ്പാക്കിയത്. പ്ലസ്ടു പരീക്ഷയ്ക്ക് ഒരു മാസം മുൻപാണ് ഡൽഹിയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒഎസ്എം പരിഷ്ക്കരണത്തിനുള്ള ട്രയൽ റൺ നടത്തിയത്.
സ്വകാര്യ സ്കൂളുകൾ, ഡൽഹി സർക്കാർ നടത്തുന്ന സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൾമാർ അടക്കം പ്രതിനിധികൾ അടങ്ങുന്ന സമിതിയെയും ഇതിനായി നിയോഗിച്ചു. ഉത്തരക്കടലാസുകൾ തയ്യാറാക്കി ഓൺ സ്ക്രീൻ മാർക്കിംഗ് വഴി മൂല്യനിർണ്ണയം നടത്തുന്ന രീതി പരീക്ഷിച്ചു നോക്കി. എന്നാൽ തുടക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നങ്ങളാണ് ഉണ്ടായത്.
ചില ഉത്തരങ്ങൾക്ക് മാർക്ക് കൂട്ടി നൽകുമ്പോൾ അത് കുറവായി രേഖപ്പെടുത്തുന്നു, നൽകിയ മാർക്ക് യഥാർത്ഥമായി സ്ക്രീനീൽ രേഖപ്പെടുത്തുന്നില്ല, ഒരു ചോദ്യത്തിൽ രണ്ട് ഭാഗങ്ങളായി ഉത്തരമുണ്ടെങ്കിൽ ഒന്നിന് മാത്രമേ മാർക്ക് നൽകാൻ സാധിക്കുന്നുള്ളൂ, സിസ്റ്റം ഇടയ്ക്ക് ഹാങ് ആവുന്നു, മാർക്ക് എല്ലാം രേഖപ്പെടുത്തിയാലും കംപ്യൂട്ടറിൽ ചിലത് വിട്ടുപോകുന്നു, ബ്ലാങ്കായ പേജുകൾക്ക് വരെ മാർക്ക് ഇടാൻ കഴിയുന്നു തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അന്ന് രേഖപ്പെടുത്തി. ഇക്കാര്യങ്ങൾ പ്രിൻസിപ്പൽമാർ ഉൾപ്പെട്ട സമിതി ബോർഡിനെ ധരിപ്പിച്ചു. ഒപ്പം ഒഎസ്എം ഒരു കൊല്ലമെങ്കിലും നീട്ടിവെയ്ക്കണമെന്ന ശുപാർശയും ഇവർ നൽകി. എന്നാൽ ബോർഡ് ഇതിന് തയ്യാറായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group







