Spread the love

വിദേശത്തു നിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ടെത്തിയ 13 അംഗ ക്രിമിനൽ സംഘത്തെ കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവരിൽ കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നിവടങ്ങളിൽ നിന്നുള്ളവരും കർണാടക സ്വദേശികളും ഉൾപ്പെടുന്നു. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. അതേസമയം, ഇതേ സംഘത്തിൽപ്പെട്ട മൂന്നുപേർ പോലീസിനെ വെട്ടിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

video
play-sharp-fill

പിടിയിലായ പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നും കവർച്ചാ ആസൂത്രണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരനെ എങ്ങനെയെല്ലാം പിന്തുടരണമെന്നും ഏത് സ്ഥലത്തുവെച്ച് തട്ടിക്കൊണ്ടുപോകണമെന്നും വ്യക്തമാക്കുന്ന വാട്സ്‌ആപ്പ് ചാറ്റുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ വിമാനത്താവളത്തിൽ എത്തിയതെന്നാണ് സൂചന.