
ന്യൂഡൽഹി: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ കുടുംബങ്ങൾ പാചകവാതകത്തിന് വളരെ കുറഞ്ഞ തുകയാണ് നൽകുന്നതെന്ന അവകാശവാദവുമായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം.
ഇന്ന് ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രം വിശദീകരണവുമായി എത്തിയത്. മൂന്നു മാസത്തിനിടെ രണ്ടാം തവണയാണു വില കൂട്ടുന്നത്. വില മാറ്റം ഇന്നു മുതൽ പ്രാബല്യത്തിലായി.
ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയരും. മാർച്ച് 7ന് 60 രൂപ വർധിപ്പിച്ചിരുന്നു. ഗാർഹിക ഉപഭോക്താക്കൾ നൽകേണ്ടി വരുന്ന വില നിയന്ത്രിക്കാൻ സർക്കാർ ഇപ്പോഴും ഇടപെടുന്നുണ്ടെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിലിണ്ടറുകൾക്ക് സബ്സിഡി നൽകുന്നുണ്ട്. ഇതിന്റെ ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നില്ല. രാജ്യാന്തര തലത്തിൽ വില കുത്തനെ ഉയർന്ന സമയങ്ങളിലെല്ലാം ആ ഭാരം ഉപഭോക്താക്കൾക്ക് കൈമാറാതെ സർക്കാർ തന്നെയാണ് ഏറ്റെടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രധാനമന്ത്രി ഉജ്ജ്വല യോജന വഴി ഗുണഭോക്താക്കൾക്ക് പ്രതിവർഷം ആദ്യത്തെ നാല് റീഫില്ലുകൾക്ക് സിലിണ്ടറൊന്നിന് 300 രൂപ വീതം നേരിട്ടുള്ള ആനുകൂല്യം കൈമാറുന്നുണ്ട്. ഫലത്തിൽ 642 രൂപ മാത്രമേ സിലിണ്ടറിനു നൽകേണ്ടി വരുന്നുള്ളൂ. ഉജ്ജ്വല പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾ പോലും സിലിണ്ടറിന്റെ വിപണി വിലയേക്കാൾ 700 രൂപയോളം കുറവാണ് നൽകുന്നതെന്നും മന്ത്രാലയം പറയുന്നു.
ഇന്ത്യയിൽ ഉജ്ജ്വല പദ്ധതി പ്രകാരം 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 642 രൂപയായിരിക്കുമ്പോൾ മറ്റ് രാജ്യങ്ങളിലെ വില ഇങ്ങനെയാണെന്ന് അധികൃതർ പറയുന്നു. പാക്കിസ്ഥാൻ: 1,046 രൂപ, നേപ്പാൾ: 1,207 രൂപ, ബംഗ്ലദേശ്: ഏകദേശം 1,225 രൂപ, ശ്രീലങ്ക: 1,241 രൂപ, അമേരിക്ക: ഏകദേശം 1,755 രൂപ, ഓസ്‌ട്രേലിയ: ഏകദേശം 1,765 രൂപ, കാനഡ: ഏകദേശം 2,411 രൂപ







