
നടന് സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയതെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ‘ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമയ്ക്ക് അകത്തും പുറത്തും എന്റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന് വേദനയോടെ ആദരാഞ്ജലികൾ’; എന്ന് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
അതേസമയം സലിം കുമാറിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതിയോടെ നടക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പറവൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം നടക്കുക. പൊലീസ് ബ്യൂഗിള്‍ സല്യൂട്ട് നല്‍കും. മരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്കരിക്കണമെന്ന് സലിം കുമാര്‍ മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ സംസ്കരിക്കണമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് സംസ്കാര ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 10.43ഓടെ അമൃത ആശുപത്രിയില്‍ വച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.






