
നീറ്റ് പരീക്ഷയുടെ ചരിത്രത്തിലാദ്യമായി ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ ഇത്തവണ വ്യോമസേനയുടെ സഹായം തേടും. ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിലാണ് പഴുതടച്ച സുരക്ഷയ്ക്ക് നീക്കം നടത്തുന്നത്. മുൻപ് നടന്ന പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഈ നിർണായക തീരുമാനമെടുത്തത്. പരീക്ഷാ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി തെലങ്കാനയിൽ ശനിയാഴ്ച ചേർന്ന യോഗത്തിൽ എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള കർശന സുരക്ഷാ പ്രോട്ടോക്കോളുകളാണ് ഇത്തവണ നടപ്പിലാക്കുന്നതെന്ന് യോഗത്തിൽ ഓൺലൈനായി പങ്കെടുത്തുകൊണ്ട് എൻടിഎ ഡയറക്ടർ ജനറൽ വ്യക്തമാക്കി.
നീറ്റ് പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായാണ് ചോദ്യപേപ്പറുകൾ എത്തിക്കുന്നതിനായി വ്യോമസേനയുടെ സഹായം തേടുന്നത്. പരീക്ഷയുടെ സുതാര്യതയ്ക്ക് രാജ്യം എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ നടപടിയെന്ന് തെലങ്കാന സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മെഡിക്കൽ പ്രവേശന പരീക്ഷ തികച്ചും സുരക്ഷിതവും കുറ്റമറ്റതുമായ രീതിയിൽ നടത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ യോഗത്തിൽ ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ജില്ലാ ഭരണകൂടങ്ങൾ കൃത്യമായ ഏകോപനത്തോടെ പ്രവർത്തിക്കണം. പരീക്ഷാ ദിവസം വിദ്യാർത്ഥികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടാത്ത സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






