Spread the love

വയനാട്: വയനാട്ടില്‍ പനിയും ഛർദിയും വയറിളക്കവും ബാധിച്ച്‌ 40 ഓളം വിദ്യാർഥികള്‍ ചികിത്സയില്‍.

video
play-sharp-fill

കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർഥികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കുട്ടികള്‍ക്ക് സമാന ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. രോഗലക്ഷണങ്ങളുടെ കാരണം കണ്ടെത്തുന്നതിനായി വിദ്യാർഥികളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് മാത്രം എട്ട് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയോ വൈറല്‍ പനിയോ ആകാമെന്ന സംശയമാണ് ആദ്യം ഉയർന്നത്. എന്നാല്‍ ബാക്ടീരിയല്‍ ഇൻഫെക്ഷനാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബത്തേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായാണ് കുട്ടികള്‍ ചികിത്സയില്‍ കഴിയുന്നത്. പലർക്കും കടുത്ത പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാർഥികള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. സിന്ധു വ്യക്തമാക്കി. സ്കൂള്‍ പരിസരവും കുടിവെള്ള സ്രോതസ്സുകളും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാണ്. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനും കൂടുതല്‍ പേർക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.